ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹവുമായി പ്രതിഷേധം
text_fieldsമുതലമട (പാലക്കാട്): ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചത് ജപ്തി നോട്ടീസ് ലഭിച്ചതിലെ മാനസികപ്രയാസത്തെത്തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി മൃതദേഹം കേരള ബാങ്കിനു മുന്നിലെത്തിച്ച് പ്രതിഷേധം. മുതലമട കമ്പ്രത്ത് ചള്ള പഴയപാത പുത്തൻവീട് മുഹമ്മദ് ഇബ്രാഹിമിന്റെ മകൻ താജുദ്ദീനാണ് (52) ആലപ്പുഴയിലെ അമ്പലപ്പുഴ കരുവാറ്റ പാടത്ത് മരിച്ചത്.
കാമ്പ്രത്ത് ചള്ള കേരള ബാങ്ക് ശാഖയിൽനിന്ന് വായ്പയെടുത്തതിന്റെ ജപ്തി നോട്ടീസ് വന്നിരുന്നെന്നും നോട്ടീസിന്റെ അവസാനദിനമായ തിങ്കളാഴ്ച രാവിലെയാണ് മരണമെന്നും നാട്ടുകാർ പറഞ്ഞു. 5.45 ലക്ഷം രൂപയാണ് അടക്കേണ്ടത്.
ബാങ്ക് ജീവനക്കാരുടെ സമ്മർദമാണ് മരണകാരണമെന്നാരോപിച്ചാണ് സമരം നടത്തിയത്. ഭാര്യ ജാസ്മിന്റെ പേരിലാണ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. കുറച്ച് തുക അടച്ചു. തുടർന്ന് 2021 മാർച്ച് 25ൽ പുതുക്കുമ്പോൾ പലിശയടക്കം വീണ്ടും അഞ്ചു ലക്ഷമായി. തുടർന്ന് രണ്ടാം വായ്പയായി ഒരു ലക്ഷം രൂപ നൽകിയതായി കേരള ബാങ്ക് മാനേജർ എസ്. സുബിത പറഞ്ഞു.
2022 ജൂലൈ 17, 2024 മേയ് 13, ആഗസ്റ്റ് 17 തീയതികളിൽ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരുന്നു- അവർ പറഞ്ഞു. ഭാര്യ: ജാസ്മിൻ. മാതാവ്: ആയിഷാമ്മ. മക്കൾ: സബാന, റിഷാന, ഷിഫാന, റിജുമാന. മരുമകൻ: ഇസ്മയിൽ. സഹോദരങ്ങൾ: സാലുദ്ദീൻ, പാരിജാൻ ചെല്ലപ്പ, ഉമ്മില്ല, ഫാത്തിമ, ബദറുദ്ദീൻ, ഇസ്മായിൽ, ബഷീർ, കാജ ഹുസൈൻ, താജുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.