മക്കൾ നോക്കിനിൽക്കെ യുവതിയെ അയൽവാസി തീകൊളുത്തി കൊന്നു; പ്രതി ജീവനൊടുക്കി
text_fieldsഅഞ്ചൽ: വീട്ടിൽ അതിക്രമിച്ച് കയറി മക്കൾ ഉൾപ്പെടെ നോക്കിനിൽക്കെ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. തടിക്കാട് പൂവണത്തുംമൂട്ടിൽ വീട്ടിൽ ഉദയകുമാറിന്‍റെ ഭാര്യ സിബിയെയാണ് (37) തീകൊളുത്തി കൊലപ്പെടുത്തിയത്. പിന്നാലെ സ്വയം തീകൊളുത്തിയ സമീപവാസിയായ തടിക്കാട് പാങ്ങൽ കിഴക്കേത്തടത്തിൽ വീട്ടിൽ ബിജുവും (46) സംഭവസ്ഥലത്ത് മരിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുട്ടികളുമായി വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു സിബി. ഇരുചക്രവാഹനത്തിൽ എത്തിയ ബിജു വാഹനം വീടിന് സമീപത്തെ വഴിയിൽ വെച്ചശേഷം വീട്ടിലേക്കു പെട്ടെന്ന് കടന്നുകയറി. തുടർന്ന് കുട്ടികളെ പുറത്താക്കുകയും സിബിയെ വീടിനകത്തേക്ക് പിടിച്ച് വലിച്ചുകൊണ്ട്പോയി പെട്രോൾ ഒഴിച്ച് തീകത്തിക്കുകയുമായിരുന്നു. തുടർന്ന് ബിജുവും സ്വയം പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തീ ആളിക്കത്തുന്നത് കണ്ട് അയൽവാസികളും സിബിയുടെ ഭർത്താവിന്‍റെ ജ്യേഷ്ഠനും കുട്ടികളും ചേർന്ന് ജനാല ചില്ലുകൾ അടിച്ചുപൊട്ടിച്ച് തീ കെടുത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരിച്ചു.
ബിജുവും സിബിയും സൗഹൃദത്തിലായിരുന്നെന്നും ഇതിനിടെ ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുടെ പേരിൽ പ്രശ്നമുണ്ടായി എന്നും പൊലീസ് പറയുന്നു. സിബിയുടെ പക്കൽനിന്നും ബിജു വാങ്ങിയ മൂന്നു ലക്ഷം രൂപ തിരികെ ലഭിക്കാതായതോടെ സിബിയും ഭർത്താവും ചേർന്ന് അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ആറു മാസത്തിനുള്ളിൽ പണം തിരികെ കൊടുക്കാമെന്നു എഴുതി വെച്ച് പ്രശ്നം ഒത്തുതീർപ്പ് വരുത്തി.
പണം തിരികെ കൊടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജു അതിക്രമം കാണിച്ചത്. അഞ്ചൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
സംഭവം നടന്ന വീട്ടിൽ ചൊവ്വാഴ്ച ഫോറൻസിക് സംഘമുൾപ്പെടെ പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.