കണ്ണൂരിൽ യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളിയ പ്രതിക്ക് ജീവപര്യന്തം
text_fieldsതലശ്ശേരി: യുവാവിനെ കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. ഇരിവേരി മിടാവിലോട്ടെ ഇ. പ്രജീഷിനെ (35) കൊലപ്പെടുത്തിയ കേസിൽ മിടാവിലോട്ടെ കൊല്ലറോത്ത് വീട്ടിൽ കെ. അബ്ദുൽ ഷുക്കൂറി (44) നെയാണ് തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമം 302ാം വകുപ്പനുസരിച്ച് ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. തെളിവുകൾ നശിപ്പിച്ചതിന് മൂന്ന് വർഷം തടവും ഒരു ലക്ഷം പിഴയുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ്. പ്രതി അഞ്ച് ലക്ഷം രൂപ പിഴ അടക്കുകയാണെങ്കിൽ ഇത് കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് നൽകണമെന്നും വിധിന്യായത്തിലുണ്ട്. കേസിൽ രണ്ടാം പ്രതിയായി വിചാരണ നേരിട്ട മുഴപ്പാലയിലെ സി.ടി. പ്രശാന്തനെ (46) തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
2021 ആഗസ്റ്റ് 19ന് രാത്രിയാണ് കേസിനാസ്പദ സംഭവം. മരം മോഷണക്കേസിൽ അബ്ദുൽ ഷുക്കൂറിനെതിരെ സാക്ഷിമൊഴി കൊടുത്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി പ്രോസിക്യൂഷൻ ഉന്നയിച്ചത്. സംഭവ ദിവസം വീട്ടിൽ നിന്ന് പ്രജീഷിനെ കാണാതാവുകയായിരുന്നു.
പിന്നീട് ചക്കരക്കൽ പൊതുവാച്ചേരി കനാലിൽ ചാക്കിൽ കെട്ടിയ നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തി. ഇരിവേരിയിലെ പ്രശാന്തി നിവാസിൽ ഇ. പ്രസാദിന്റെ മൊഴി പ്രകാരമാണ് കേസ്. ചക്കരക്കൽ ഇൻസ്പെക്ടർ സത്യനാഥാണ് കേസന്വേഷിച്ചത്. ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഇപ്പോഴും ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കേസ് വിചാരണ നടത്തി തീർപ്പ് കൽപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. രൂപേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.