യുവാവിന്റെ ദാരുണാന്ത്യം; തലയൂരാൻ അധികൃതരുടെ സൂത്രപ്പണി
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത 66ൽ നിർമാണം നടക്കുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചതിന് പിറകെ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ തലയൂരാൻ അധികൃതരുടെ സൂത്രപ്പണി. സർവിസ് റോഡ് നിർമാണം എത്തി നിൽക്കുന്ന ഭാഗത്ത് റോഡിലെ കുഴിക്ക് മുന്നോടിയായി അപകട മുന്നറിയിപ്പ് നൽകുന്ന സാമഗ്രികൾ സ്ഥാപിച്ചുകൊണ്ടായിരുന്നു ബന്ധപ്പെട്ടവർ ‘തലയൂരൽ’ ശ്രമം നടത്തിയത്.
എന്നാൽ, അപകടത്തിനുശേഷം രാത്രിയുടെ മറവിൽ നടത്തിയ ഈ സൂത്രപ്പണി പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വെളിച്ചത്തായി. ഗതാഗതം അനുവദിക്കാത്ത റോഡിലൂടെയാണ് യുവാവ് ബൈക്കിൽ കടന്നുവന്നതെങ്കിലും സ്ഥലത്ത് സുരക്ഷ മുന്നറിയിപ്പ് ക്രമീകരണങ്ങൾ നേരത്തേ സ്ഥാപിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻ.എച്ച്.എ.ഐ അധികൃതരുടെയും കരാർ കമ്പനിയുടെയും കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം കടുത്ത ക്ലേശമാണ് നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്നത്. ഇഷ്ടാനുസരണം പണി നടത്തുന്ന കരാറുകാർ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല യാത്രാദുരിതവും ഉണ്ടാക്കുകയാണ്. ഇപ്പോഴത്തെ നിർമാണം തുടങ്ങിയശേഷം നിരവധി അപകടങ്ങളും മരണങ്ങളും നടന്നുകഴിഞ്ഞു.
യുവാവ് അപകടത്തിൽപ്പെട്ട കുഴിയുടെ മുൻവശത്ത് എന്തെങ്കിലും തടസ്സങ്ങൾവെച്ച് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ ദാരുണമായ ഈ മരണം ഒഴിവാക്കാമായിരുന്നുവെന്ന് സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സൂചന ബോർഡുകളോ റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനയാത്ര അപകടകരമാണ്. ചന്തപ്പുരയിൽ റോഡ് കുഴിച്ചിട്ട് അപകടകരമായ സ്ഥിതിയിലാണ്. ഉൾവഴികളെല്ലാം പൈപ്പിടുന്നതിനും മറ്റുമായി കുഴിച്ചത് പൂർവസ്ഥിതിയിലാക്കാത്തതും അപകടം വിളിച്ചു വരുത്തുന്നതാണ്.
ദുരിതം വിതയ്ക്കുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ കരാർ കമ്പനി അധികൃതരും ഉദ്യോഗസ്ഥരും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാർ കമ്പനിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം ഇതിനകം നാല് മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
ഇതെല്ലാം കരാർ കമ്പനിയുടെ പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കുമ്പോൾ കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണെന്ന ധാർഷ്ട്യത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് വാർഡ് കൗൺസിലറും കൊടുങ്ങല്ലൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.എസ്. കൈസാബ് കുറ്റപ്പെടുത്തി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ടു വീലർ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇവിടെ ആവശ്യത്തിന് ദിശ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ഹൈകോടതി നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും റോഡിലെ കുഴികളിൽ വീണു ബൈക്ക് യാത്രികരുടെ ജീവിതം പൊലിയുന്നതിന് ഒരു കുറവും ഉണ്ടാകുന്നില്ല. ചെയർമാൻ ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. ദേശീയപാത നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും അധികൃതരുടെ അനാസ്ഥമൂലമുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. കെ.എം. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.