മഅ്ദനിക്കെതിരായ ‘പൊലീസ് മൊഴി’ പൊളിച്ചടക്കിയ മനുഷ്യൻ
text_fieldsകടല മുഹമ്മദ്
https://www.madhyamam.com/kerala/human-rights-activist-kadala-mohammed-passed-away-1390747
കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ കുടുക്കാൻ പൊലീസ് കെട്ടിച്ചമച്ച വ്യാജമൊഴി പൊളിച്ചടക്കിയ മനുഷ്യാവകാശ പ്രവർത്തകനാണ് കടല മുഹമ്മദ്. നീതിക്കുവേണ്ടിയുള്ള നിരവധി പോരാട്ടങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് മരണത്തിന് കൂട്ടുപോയത്. ചെറുപ്പം മുതലേ നക്സലൈറ്റ് പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച കടല മുഹമ്മദിന് ഒട്ടുമിക്ക നേതാക്കളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ജനകീയ, മനുഷ്യാവകാശ പോരാട്ടങ്ങളിൽ ധീരമായി ഇടപെട്ടു.
അങ്ങനെയിരിക്കെയാണ് മാറാട് സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ പൊലീസ് സി.ഐ എ.വി. ജോർജ് മുഹമ്മദിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ചില കാര്യങ്ങൾ ചോദിച്ചശേഷം പരിചയക്കാരനായ അഷ്റഫിനെക്കുറിച്ചും തിരക്കി. എല്ലാം ചോദിച്ചറിഞ്ഞശേഷം പിന്നീട് വിളിപ്പിക്കാം എന്നുപറഞ്ഞ് വിട്ടയച്ചു. എന്നാൽ, അബ്ദുന്നാസിർ മഅ്ദനിക്കെതിരെ മുഹമ്മദിന്റേതായി പൊലീസ് വ്യാജ മൊഴി സൃഷ്ടിക്കുന്നതാണ് പിന്നീട് കണ്ടത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ അബ്ദുന്നാസിർ മഅ്ദനി ഗൂഢാലോചന നടത്തി അഷ്റഫിനെ ഇതിനായി ചുമതലപ്പെടുത്തി എന്ന് കടല മുഹമ്മദ് പറഞ്ഞെന്ന് മാറാട് ജുഡീഷ്യൽ കമീഷൻ തോമസ് പി. ജോസഫ് മുമ്പാകെ എ.വി. ജോർജ് മൊഴി നൽകി.
ഇത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മാറാട് കമീഷൻ തോമസ് പി. ജോസഫ് രണ്ടുദിവസം കോയമ്പത്തൂർ ജയിലിൽ ക്യാമ്പ് ചെയ്ത് മഅ്ദനിയെയും അഷ്റഫ് അടക്കമുള്ളവരെയും ചോദ്യംചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. എന്നാൽ, ജോര്‍ജിന്റെ മൊഴിയുടെ മറപിടിച്ച് സംഘ്പരിവാർ പ്രവര്ത്തകൻ ടി.ജി. മോഹൻദാസ് എറണാകുളം സി.ജെ.എം കോടതിയിൽ ഹരജി ഫയൽ ചെയ്തു. പിന്നാലെ മഅ്ദനിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇതോടെയാണ് മഅ്ദനിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് വാർത്തസമ്മേളനം നടത്തി മുഹമ്മദ് ലോകത്തോട് പറഞ്ഞത്. മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു അടക്കമുള്ളവർക്കൊപ്പമെത്തിയായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യം മുഹമ്മദ് പിന്നീട് സുപ്രീംകോടതിയിലും പറഞ്ഞു. തുടർന്നാണ് മഅ്ദനിക്ക് ജാമ്യം കിട്ടിയത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ വ്യാജ മൊഴി നല്കാൻ തമിഴ്നാട് പൊലീസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
കെ. വേണു, മുരളി കണ്ണമ്പള്ളി, കെ.എന്‍. രാമചന്ദ്രന്, എ. വാസു, എം.എന്‍. രാവുണ്ണി, പി.ടി. തോമസ്, എം.എം. സോമശേഖരന്‍ തുടങ്ങി നിരവധി നക്സലൈറ്റ് നേതാക്കളെയെല്ലാം അദ്ദേഹം പലതവണ ഒളിവില്‍ താമസിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ രാഷ്ട്രീയ സാമൂഹിക സമര പരിപാടികളിലും സജീവമായിരുന്നു. 2017ല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന യു.എ.പി.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ കുഴഞ്ഞുവീണ ശേഷമാണ് ആരോഗ്യ നില വഷളായി കിടപ്പിലായത്. തുടർന്ന് കാന്തപുരത്തെ വീട്ടിൽതന്നെയായി. അവസാനകാലത്തും പോരാട്ടം സംഘടനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.