പന്തളത്ത് ടെമ്പോയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒപ്പം യാത്രചെയ്ത ഭാര്യക്ക് ഗുരുതര പരിക്ക്
text_fieldsപന്തളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, മരിച്ച മുരുകേശൻ
പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ ടെമ്പോയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പറക്കോട് മുകാസി ഭവനിൽ എസ്.മുരുകേശനാണ് (58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യവീരശെൽവിയെ (48) ഗുരുതര പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ, കുരമ്പാല ജംക്‌ഷനിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്. ചെങ്ങന്നൂരിൽനിന്ന് അടൂർ ഭാഗത്തേക്ക് വന്ന ടെമ്പോ എതിരെ വന്ന കാറിൽ തട്ടിയ ശേഷം പിന്നിൽ വന്ന ബൈക്കിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുരുകേശനെ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സ്വദേശികളാണ് മുരുകേശനും കുടുംബവും. ഇവർ ഏറെക്കാലമായി പറക്കോട്ടാണ് താമസം. കൈപ്പട്ടൂരിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്ന മുരുകേശൻ ഓൾ കേരള ബാർബേഴ്‌സ് ആൻഡ് ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു. മക്കൾ മാധുരി, സൗന്ദര്യ. അപകടത്തിൽ തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറിന് കേടുപാടുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.