നാടിന്റെ കരുതലിന് കാത്ത് നിൽക്കാതെ സഹിൽ മരണത്തിന് കീഴടങ്ങി
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): നാടിന്റെ കാരുണ്യം കാത്തു നിൽക്കാതെ സഹിൽ മരണത്തിന് കീഴടങ്ങി. മണ്ണഞ്ചേരിയിൽ തെങ്ങ് മുറിച്ച് മാറ്റവേ തെങ്ങ് ചുവടോടെ മറിഞ്ഞ് ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മരം വെട്ട് തൊഴിലാളി മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് കളരിക്കൽ വെളിയിൽ പരേതനായ സിയാദിന്റെ മകൻ സഹിൽ (ഇക്രു -34) ആണ് മരിച്ചത്.
വാടക വീട്ടിൽ കഴിയുന്ന നിർധനനായ സഹിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജനപ്രതിനിധികളുടെ നേതൃത്തിൽ നാട്ടുകാർ സഹായ സമിതിയും വാട്സാപ്പ് കൂട്ടായ്മയും രൂപവത്കരിച്ച് ചികിത്സ ചെലവ് കണ്ടെത്തിയിരുന്നു. ചികിത്സയിൽ തുടരവെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
സെപ്റ്റംബർ 10 ന് മണ്ണഞ്ചേരി കുളവേലിൽ ഷിഹാബിന്റെ വീട്ടിലെ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെയാണ് സഹിലിന് അപകടം സംഭവിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന
ഭൗതിക ശരീരം തെക്കനാര്യാട് മഹല്ല് മദ്റസ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കനാര്യാട് മഹല്ല് ഖബർസ്ഥാനിൽ വൈകുന്നേരത്തോടെ ഖബറടക്കും.
മാതാവ്: റഹിയാനത്ത്. ഭാര്യ: നൗഫിയ. മക്കൾ: സിനാൻ, യാസീൻ, നിഹാല ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.