മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ
text_fieldsകൊട്ടാരക്കര: മാനസികാസ്വസ്ഥതയുള്ള വയോധികൻ മീൻകറിയിൽ അമിത അളവിൽ ഗുളിക കലർത്തി കഴിച്ചതിനെ തുടർന്ന് മരിച്ചു. കറി കൂട്ടിയ ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), ഇവരുടെ മാതാവ് കമലമ്മ (72) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.
പൊലീസ് പറയുന്നതിങ്ങനെ: രാമചന്ദ്രൻ മാനസിക രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന ഗുളിക ശനിയാഴ്ച ഉച്ചക്ക് മീൻ കറിയിൽ കലർത്തി. ഇതറിയാതെ ഗിരിജാകുമാരിയും അമ്മ കമലമ്മയും ചോറിനൊപ്പം കൂട്ടിക്കഴിച്ചു. മീൻകറിയിൽ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു. അൽപസമയത്തിന് ശേഷം ഗിരിജ തറയിലും കമലമ്മ കട്ടിലിലും ബോധമില്ലാതെ കിടന്നു. ഈ സമയം ഗിരിജയുടെ മകൻ അഭിരാം ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തി. മുറിക്കുകള്ളിൽ പ്രവേശിച്ചപ്പോൾ അമ്മയും അമ്മൂമ്മയും ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു. സാധാരണ ഉറങ്ങുന്നതുപോലെ രാമചന്ദ്രൻ കട്ടിലിൽ കിടക്കുകയായിരുന്നു. ഇയാൾ അമിതഅളവിൽ ഗുളിക കഴിച്ചകാര്യം ആരും അറിയാതെ പോയി. ഉടൻ തന്നെ അഭിരാം നാട്ടുകാരെ വിളിച്ചുവരുത്തി. ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിരിജക്ക് ഇടക്ക് ബോധം വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നാൽ കമലമ്മക്ക് ഇതുവരെ ബോധം വന്നിട്ടില്ല. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാമചന്ദ്രന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.