മകളെ രക്ഷിക്കുന്നതിനിടെ കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു; ഭാര്യയും അയൽവാസികളുമടക്കം 15ഓളം പേർക്ക് പരിക്ക്
text_fieldsവാടാനപ്പള്ളി (തൃശൂർ): ഏങ്ങണ്ടിയൂരിൽ കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ ചന്തപ്പടി കിഴക്ക് പള്ളി കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം.
ആടിന്റെ കരച്ചിൽ കേട്ട് വീട്ടിൽനിന്ന് പുറത്തുവന്ന ഗോപാലകൃഷ്ണന്റെ മകൾ രശ്മിയെയാണ് കടന്നൽക്കൂട്ടം ആദ്യം ആക്രമിച്ചത്. മകളുടെ കരച്ചിൽ കേട്ടെത്തിയ ഗോപാലകൃഷ്ണന് ശരീരമാസകലം കുത്തേറ്റു.
രക്ഷിക്കാനെത്തിയ ഭാര്യ രമണി, അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു, കൃഷ്ണവേണി, അശോകൻ, ഗോപി, പ്രദീപ് തുടങ്ങിയവർക്കും കുത്തേറ്റു. പരിക്കേറ്റവരെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആട്, പശു ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങൾക്കും കുത്തേറ്റു. വീടിന് സമീപത്തെ മാവിൽ ഉണ്ടായിരുന്ന കാട്ടുകടന്നൽ കൂടിനുമേൽ തെങ്ങിൽനിന്ന് ഓല വീണതാണ് അപകടകാരണം.
ഗോപാലകൃഷ്ണന്റെ ഭാര്യ: രമണി. മക്കൾ: രാഗി, രശ്മി. മരുമക്കൾ: രാജേഷ്, ശങ്കർ. സംസ്കാരം വെള്ളിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.