പള്ളിയിൽ പോകവേ കാറിടിച്ച് മരിച്ചു; ആശുപത്രിയിലെത്തിച്ചത് അരമണിക്കൂറോളം ചോരവാർന്ന് റോഡിൽ കിടന്ന ശേഷം
text_fieldsതലശ്ശേരി: സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് പോകവെ നിയന്ത്രണം വിട്ട കാറിടിച്ച് 64കാരൻ മരിച്ചു. തലശ്ശേരി പുന്നോൽ റെയിൽ റോഡിൽ മാതൃകാ ബസ് സ്റ്റോപ്പിന് സമീപം നബീൽ ഹൗസിൽ കെ.പി.സിദ്ധീഖാണ്(64) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30 നായിരുന്നു അപകടം.
കാസർകോട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL-10 B A 5309 കാറാണ് അപകടത്തിൽപെട്ടത്. പുന്നോൽ ചീമ്പന്റവിട അജയന്റെ കടയുടെ മുന്നിൽ വച്ച് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനായ സിദ്ധീഖിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും സ്കൂട്ടറിലും ബൈക്കിലും ഇടിച്ചാണ് വാഹനം നിന്നത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു. അപകടത്തിന് ശേഷം ചോരവാർന്ന് സിദ്ധീഖ് അരമണിക്കൂറോളം റോഡിൽ തന്നെ കിടന്നു. നാട്ടുകാരോ മറ്റുള്ളവരോ ആരും തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് അപകടത്തിൽപ്പെട്ട കാറിലുണ്ടായവർ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 6.30ഓടെയാണ് പൊലീസ് സംഭവത്തെത്തിയത്.
പുന്നോൽ സലഫി മസ്ജിദ് ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമാണ് സിദ്ധീഖ്. ചെന്നെയിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി. മമ്മുവിന്റെ മകനാണ്.
പുന്നോലിൽ സാമൂഹ്യ, ജീവകാരുണ്യപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ സുമയ്യ സിദ്ധീഖാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.