കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ കയറാനാവാതെ തൊഴിലാളിക്ക് ദാരുണാന്ത്യം
text_fieldsപെരിന്തൽമണ്ണ: പാറ പൊട്ടിക്കാൻ കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റിൽനിന്ന് കയറാനാകാത്തതിനാൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ തേക്കിൻകോട്ടിൽ ശനിയാഴ്ച ഉച്ചക്ക് 12.45നാണ് അപകടം. തമിഴ്നാട് സേലം പൂലംപാട്ടി കൊണേറിപ്പാട്ടി മെയ്യം സ്ട്രീറ്റിൽ അപ്പുസ്വാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തൊട്ടോളി നൗഫലിന്റെ ഉടമസ്ഥതയിലുള്ള കിണർ ആഴംകൂട്ടാൻ വേണ്ടി ഏഴുപേരടങ്ങിയ സംഘമാണ് പാറ പൊട്ടിക്കാനിറങ്ങിയത്. കംപ്രസർ ഉപയോഗിച്ച് കുഴിയെടുത്ത് കരിമരുന്ന് നിറച്ച് മറ്റു തൊഴിലാളികൾ കയറിയിരുന്നു. രാജേന്ദ്രനാണ് തിരികൊളുത്താൻ നിന്നത്. തിരി കൊളുത്തി നിശ്ചിത സമയത്തിനകം കരക്കു കയറുന്നതാണ് ഈ തൊഴിൽരീതി. തിരികെ കയറുന്നതിനിടെ കാൽ വഴുതിയോ മറ്റോ ഇയാൾ കിണറ്റിലേക്കുതന്നെ വീണു. അൽപസമയത്തിനകം ഉഗ്ര ശബ്ദത്തിൽ പാറ പൊട്ടിത്തെറിക്കുകയും ചെയ്തു.
അപകടവിവരമറിഞ്ഞ് പരിസരവാസിയായ ട്രോമാ കെയർ വളന്റിയർ ജബ്ബാർ ജൂബിലിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇദ്ദേഹം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ജബ്ബാർ കിണറിന്റെ ഏതാനും റിങ് താഴേക്ക് ഇറങ്ങി നോക്കിയെങ്കിലും പുക മൂടിയതിനാലും അകത്ത് വായു ഇല്ലാത്തതിനാലും തിരികെ കയറി. പിന്നീട് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ച് പുക നീക്കി. അപ്പോഴേക്കും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയിലെ ഫയർ ഓഫിസർ രഞ്ജിത്ത് ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് കിണറ്റിലിറങ്ങി. പിറകെ ജബ്ബാറും ഇറങ്ങി. കല്ലും മണ്ണും മൂടിയ നിലയിലായിരുന്നു മൃതദേഹം. മൺവെട്ടി കൊണ്ട് മണ്ണുനീക്കിയാണ് മൃതശരീരം പുറത്തെടുത്തത്. ട്രോമാകെയർ വളന്റിയർമാരായ ഗിരീഷ് കീഴാറ്റൂർ, വിനോദ് മുട്ടുങ്ങൽ എന്നിവരും സഹായത്തിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.