നരഭോജി കടുവ: വൻ പ്രതിഷേധവുമായി നാട്ടുകാർ
text_fieldsവാകേരി (വയനാട്):പശുക്കളെയും ആടുകളെയും വളർത്തി ഉപജീവനം കണ്ടെത്തിയ കർഷകനെയാണ് വയനാട്ടിൽ കടുവ കൊന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷനിൽപെടുന്ന ഭാഗമാണിത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി.
കലക്ടറും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവെച്ചു കൊല്ലണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു. വൈകീട്ട് 6.45ഓടെ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം സ്ഥലത്തെത്തി. ആവശ്യങ്ങളില്‍ തീരുമാനമായാൽ മാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കൂവെന്ന് ജനങ്ങള്‍ പറഞ്ഞു.
എട്ടരയോടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.എഫ്.ഒ ഷജ്‌ന കരീം, ബത്തേരി ഡിവൈ.എസ്.പി കെ. അബ്ദുൽ ഷരീഫ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകാൻ ധാരണയായി. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കും.
മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സി.സി.എഫിന് കൈമാറാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.