നരഭോജി കടുവ തൃശൂർ മൃഗശാലയിലേക്ക്
text_fieldsതൃശൂർ: പത്തു ദിവസത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വനംവകുപ്പ് ദൗത്യസംഘം കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജിക്കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റും. നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നത്. വൈദ്യ പരിശോധനകൾക്കുശേഷമേ കടുവയെ മാറ്റൂ.
ക്ഷീരകർഷകനായ വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷിനെയാണ് കടുവ കൊന്ന് പാതി ഭക്ഷിച്ചത്. ഇതോടെയാണ് കടുവയെ പിടികൂടാൻ ശ്രമം ആരംഭിച്ചത്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമടക്കം റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളടക്കം നൂറോളം പേർ കുങ്കിയാനകളെ ഉൾപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. നിരവധി കെണികളും ക്യാമറകളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു.
കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിൽ വനംവകുപ്പ് ആദ്യം സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് 2.40ഓടെ കടുവ അകപ്പെട്ടത്. ഇവിടെനിന്ന് 200 മീറ്റർ മാറിയായിരുന്നു പ്രജീഷിനെ കടുവ കൊന്നുതിന്നത്. നരഭോജി കടുവയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. മൂക്കിന് മുകളിൽ കത്തി കൊണ്ടുള്ള രീതിയിലാണ് മുറിവുള്ളത്. പ്രജീഷിനെ ആക്രമിക്കവെ അരിവാളുകൊണ്ട് ചെറുത്തുനിന്നപ്പോൾ പറ്റിയ മുറിവായിരിക്കാമെന്നാണ് നിഗമനം.
കടുവ കൂട്ടിലായപ്പോൾ, കൊല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. യുവാവിനെ അതിക്രൂരമായി കൊന്നുതിന്ന നരഭോജി കടുവയെ തങ്ങളുടെ മുന്നിൽവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കോളനിക്കവലയിലെ കാപ്പിത്തോട്ടത്തിനുള്ളിൽ നാട്ടുകാരും വനം വകുപ്പ് അധികൃതരും തമ്മിൽ പലതവണ വാഗ്വാദം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.