അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെയാണ് നോർത്ത് സി.ഐ എസ്. സജികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്‍റെ ബൈക്ക് വിൽക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്തർക്കം ഉണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു. ഈ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായി. ഇതിൽനിന്ന് ചോരവാർന്ന നിലയിൽ കിടക്കുന്ന വിവരം ഇരുവരും പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഇവരോട് പറഞ്ഞു. പൊലീസും സ്ഥലത്ത് എത്തി.
കുഞ്ഞുമോനും നവാസും ചേർന്ന് കബീറിനെ പുറത്ത് എടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച തുടരന്വേഷണത്തിന് പൊലീസ് എത്തിയപ്പോൾ നാട്ടുകാരിൽ ചിലർ കൊലപാതകമാണെന്ന് മൊഴി നൽകി.
സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊല നടത്തിയതായി ഇരുവരും സമ്മതിച്ചു. മുറിക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ ചോര പുരണ്ട നിലയിൽ കണ്ടെത്തി. മറ്റ് സാഹചര്യത്തെളിവുകളും കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ സഹായകമായെന്ന് പൊലീസ് പറഞ്ഞു. നോർത്ത് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.