അമ്മയറിഞ്ഞില്ല, ജീവന്റെ ജീവൻ പൊലിഞ്ഞത്
text_fieldsനാദാപുരം (കോഴിക്കോട്): പ്രാതലും ഊണും അത്താഴവും വിളമ്പി ആ അമ്മ മകനരികിലെത്തിക്കാണും- പലതവണ. മനസ്സിൽ പരിഭവം പറയാനല്ലാതെ, ഉറങ്ങിക്കിടക്കുന്ന മകൻ കേൾക്കെ ഉച്ചത്തിൽ വിളിക്കാനോ അടുത്തെത്തി കുലുക്കിയുണർത്താനോ അവർ അശക്തയായിരുന്നു. കാരണം, ജീവിതയാത്രയിലെന്നോ അവന് കൂട്ടായ മദ്യലഹരിയുടെ തിരിച്ചറിവില്ലായ്മയിൽ ലഭിക്കുന്ന ആട്ടും ആക്രമണവും ആ അമ്മ ഭയന്നിരുന്നു. ഉറക്കം രണ്ടു രാത്രിയും ഒരു പകലും നീളില്ലെന്നത് തിരിച്ചറിയാനുള്ള മനോനിലയും അമ്മക്ക് കൈമോശം വന്നുപോയിരുന്നു, മൂന്നാണ്ടുകൾക്ക് മുമ്പ് തനിക്കേറെ പ്രിയപ്പെട്ട മകൻ ഗിരീശന്റെ ജീവൻ പുഴയെടുത്ത നാളുകൾക്ക് ശേഷം. അവസാനം കൂട്ടായി കൂടെയുണ്ടായിരുന്ന മകനും മരിച്ചതറിയാതെ ആ അമ്മ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടി; മൂന്ന് ദിവസത്തോളം. വളയം കല്ലുനിരയിൽ കടോംതണ്ണിക്കൽ മൂന്നാംകുനിയിൽ രമേശനെ (42)യാണ് വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ നന്ദിനിയും രമേശനും മാത്രമായിരുന്നു വീട്ടിൽ. മനസ്സിന്റെ താളപ്പിഴക്കിടയിലും നന്ദിനി കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയത്.
ശനിയാഴ്ച രാവിലെ പെൻഷൻ വിതരണത്തിനെത്തിയ വളയം സഹകരണ ബാങ്ക് ജീവനക്കാരൻ ലിജേഷാണ് വീട്ടിനകത്തുനിന്നുയരുന്ന ദുർഗന്ധം തിരിച്ചറിഞ്ഞ് അയൽവാസികളെ വിവരമറിയിച്ചത്. നാട്ടുകാർ വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ രമേശൻ കട്ടിലിൽ മരിച്ചനിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ വളയം പൊലീസിൽ വിവരമറിയിച്ചു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തി. 20 മീറ്റർ അകലെ അയൽവാസികളുണ്ടെങ്കിലും അവരാരും രമേശൻ പോയതറിഞ്ഞില്ല. അവന്റെയുള്ളിലെ മദ്യം ആ അയൽപക്ക ബന്ധങ്ങളിൽ നേരത്തെതന്നെ വിള്ളൽ വീഴ്ത്തിയിരുന്നു. മനോനില തകരാറിലായതിനാൽ മകൻ മരിച്ചവിവരം നന്ദിനി തിരിച്ചറിഞ്ഞുമില്ല. രമേശന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരോട് ഗിരീശൻ എവിടെയെന്നായിരുന്നു അവരുടെ ചോദ്യം.
വീട്ടിൽ വെള്ളിയാഴ്ചയും ഭക്ഷണം തയാറാക്കിയതായി അയൽവാസികൾ പറഞ്ഞു. വീട്ടുകാർക്ക് അയൽവാസികളുമായി ബന്ധമില്ലാതിരുന്നതാണ് മരണം പുറംലോകമറിയാൻ വൈകാനിടയാക്കിയതെന്ന് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. രമേശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച രാത്രി എട്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ ഒണക്കൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, ഗിരിജ, പരേതനായ ഗിരീഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.