പുതിയങ്ങാടി നേർച്ച: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരം
text_fieldsതിരൂർ (മലപ്പുറം): പുതിയങ്ങാടി വലിയ നേർച്ചയുടെ സമാപന ദിനത്തിൽ ഇടഞ്ഞ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് നിലത്തിട്ടയാളുടെ നില ഗുരുതരം. തിരൂർ തെക്കുംമുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻകുട്ടിയാണ് (50) കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ പരിക്കേറ്റ 29 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആനയുടെ പാപ്പാൻമാർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തു.
ബുധനാഴ്ച പുലർച്ച ഒന്നേകാലോടെയായിരുന്നു സംഭവം. പോത്തന്നൂരിൽനിന്ന് വന്ന വരവിലുണ്ടായിരുന്ന പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ജാറം മൈതാനിയിൽ ഇടഞ്ഞത്. ആന വിരണ്ടതോടെ നേർച്ച കാണാനെത്തിയവർ ചിതറി ഓടുകയായിരുന്നു. ഇതിനിടയിലാണ് കൃഷ്ണൻകുട്ടിയെ ആന തുമ്പിക്കൈ കൊണ്ടെടുത്ത് രണ്ട് തവണ വീശി നിലത്തിട്ടത്. കൃഷ്ണൻകുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പാൻ ആനയെ തളച്ചതോടെയാണ് കൂടുതൽ അപകടം ഒഴിവായത്. ആളുകൾ കൂട്ടമായി ഓടിയതിനെ തുടർന്ന് പുതിയങ്ങാടി ജാറത്തിനു സമീപത്തെ മസ്ജിദിന്റെ ഗേറ്റും മതിലും തകർന്നു.
പരിക്കേറ്റ പെരിന്തല്ലൂർ സ്വദേശി അല്ലുക്കൽ മുസ്തഫ (36), പത്തമ്പാട് അരങ്ങത്തിൽ ഷെൻസ (9), പോത്തനൂർ കല്ലുമൊട്ടക്കൽ റസാഖ് (44) , തിരൂർ മൂത്താണിക്കാട്ട് തിത്തിമ്മു (63), കാട്ടിലങ്ങാടി കടക്കടവൻ ആമിന (70), കോട്ടക്കൽ കൈപഞ്ചേരി നിഖിൽ (12), പൂഴിക്കുന്ന് തറയിൽ ശോഭ (46), രണ്ടത്താണി അലിഫ് വീട്ടിൽ റിസ്‌വാന (13), ആതവനാട് ചെയ്ക്കാടൻ ഷജിത (41), പുറത്തൂർ കക്കാട്ടിൽ സുബൈദ (48), പഴയന്നൂർ കുന്നത്ത് വിനു (53), പൊന്നാനി കിഴക്കേങ്ങാട്ട് ഹുസ്ന (14), വാണിയന്നൂർ കാളിയാത്ത് അബ്ദുൽ മുത്തലിബ് (48), പുത്തനത്താണി പണ്ടരശേരി പറമ്പിൽ വാഹിദ് (20), അകലാട് റസൽ (8) , പൂഴിംകുന്ന് കളിയോട് രാഹുൽ (33), ആതവനാട് പൊന്നത്തോപ്പിൽ ബാനു (32), പുറത്തൂർ കടവത്ത് അക്കത്ത് അലിഫ് റഹ്മാൻ (11), ഫാത്തിമ നദ (13), രണ്ടത്താണി വരിക്കത്തത്തിൽ സൈനുദ്ദീൻ (62), പുറങ്ങ് കരുവീട്ടീൽ ഹൈദരലി (42), എന്നിവർ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും ബി.പി അങ്ങാടി സ്വദേശി തയ്യിൽ ശിബിൽ, പൂക്കയിൽ സ്വദേശി പൂക്കാട്ടിൽ മുഹമ്മദ് റഷാൻ, പത്തമ്പാട് സ്വദേശി അരങ്ങത്തിൽ ശിബിൻ, വൈരങ്കോട് സ്വദേശി പരങ്ങത്ത് ശഹാന റംഷി, കോഴിക്കോട് ചെമ്മല മുഹമ്മദ് സുഫിയാൻ, ബി.പി അങ്ങാടി സ്വദേശി വയറകത്ത് റൈഹാൻ, വാക്കാട് ഏനിക്കാന്റെ പുരക്കൽ ശിഹാബ് എന്നിവർ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.