വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് രഹസ്യമായി കുഴിച്ചിടാൻ ശ്രമം; മകൻ പിടിയിൽ
text_fieldsകൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ കസ്റ്റഡിയിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. മകൻ പ്രദീപാണ് പിടിയിലായത്.
പ്രദീപ് വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മ മരണപ്പെട്ടതറിയിച്ചിട്ടും അയൽവാസികൾ വന്നില്ലെന്നും അതുകൊണ്ടാണ് താൻ കുഴിച്ചിട്ടതെന്നും പ്രദീപ് പൊലീസിനോട് പറഞ്ഞു.
സ്ഥിരം മദ്യപാനിയും അക്രമസ്വഭാവം കാണിക്കുന്നയാളുമായ പ്രദീപ് പറയുന്നതിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ആദ്യം പോയി നോക്കാതിരുന്നതെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ പ്രദീപ് കുഴിയെടുക്കാൻ തുടങ്ങിയതോടെ പൊലീസിനെ അറിയിക്കുയായിരുന്നു.
പാലാരിവട്ടം പൊലീസെത്തി അല്ലിയുടെ മൃതദേഹം പുറത്തെടുത്തു. അതേ സമയം അല്ലിയുടെ മരണകാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം എന്തെങ്കിലും പറയാനാകൂവെന്നും പിടിയിലാകുമ്പോൽ പ്രദീപ് മദ്യലഹരിയിലാണെന്ന് സൗത്ത് എ.സി.പി രാജ്കുമാർ പറഞ്ഞു.
പ്രദീപും അമ്മ അല്ലിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതിനെ തുടർന്ന് പ്രദീപിന്റെ ഭാര്യ അകന്ന് കഴിയുകയാണ്. അക്രമസ്വഭാവം കാണിക്കുന്നതിനാൽ അവരുടെ വീട്ടിലെ ബഹളത്തിൽ ഇടപെടാറില്ലെന്നും പൊലീസിൽ അറിയിക്കുകയാണ് പതിവെന്നും അയൽവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.