വയനാട് കടുവ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsമാനന്തവാടി: വയനാട് പുതുശ്ശേരിയിൽ പട്ടാപ്പകൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ പുതുശ്ശേരി നരിക്കുന്നിൽവെച്ച് കടുവ ആക്രമിച്ച പള്ളിപ്പുറത്ത് തോമസ് (സാലു -50) ആണ് മരിച്ചത്. വ്യാഴാഴ്ച 10.30ഓടെ തോട്ടത്തിൽ കുരുമുളക് പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇവർ ബഹളംവെച്ചപ്പോൾ കടുവ തോമസിനെ വിട്ട് ഓടിപ്പോയി.
വലതുകാലിന്റെ തുടയെല്ലിന് പൊട്ടലും ഗുരുതര മുറിവുമേറ്റ തോമസിനെ 11 മണിയോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര നിലയിലായതിനാൽ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ കൽപറ്റ ബൈപാസിൽവെച്ച് ഹൃദയാഘാതമുണ്ടായി. തുടർന്ന് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ലഭിക്കാൻ വൈകിയത് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വൈകിച്ചുവെന്ന് ആരോപണമുണ്ട്. വൈകീട്ട് മൂന്നു മണിയോടെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് വൈകീട്ട് 4.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: സിനി. മക്കള്: സോജന്, സോന.
കടുവ ആക്രമണത്തെ തുടർന്ന് പ്രദേശവാസികൾ വൻ പ്രതിഷേധമുയർത്തി. സ്ഥലത്തെത്തിയ എം.എൽ.എ ഉൾപ്പെടെയുള്ളവരെ ജനം തടഞ്ഞുവെച്ചു. കോൺഗ്രസ് പ്രവർത്തകർ നോർത്ത് വയനാട് ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. മുമ്പ് വന്യജീവി ശല്യമുണ്ടായിട്ടില്ലാത്ത പ്രദേശത്ത് കടുവ എത്തിയത് നാട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്. വനംവകുപ്പ് ദ്രുതകർമ സേനയും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മാനന്തവാടി വയനാട് ഗവ. മെഡിക്കല് കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തോമസിന്റെ കുടുംബത്തിന് ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.