മതിയായ ചികിത്സ കിട്ടിയില്ല; മുംബൈയിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു
text_fieldsമുംബൈ: നഗരത്തിലെ അറിയപ്പെടുന്ന മലയാളി സാമൂഹിക പ്രവർത്തകൻ ഖാലിദ് മംബ്രാണ എന്ന കെ.എസ് ഖാലിദ് സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. ഡോംഗ്രിയിലെ താനബന്ധർ ബാഗിൽ താമസിക്കുന്ന ഖാലിദ് കാസർകോട് മംബ്രാണ സ്വദേശിയാണ്. നഗരത്തിലെ ഹോട്ടൽ വ്യവസായിയുമാണ്.
രണ്ട് ദിവസമായി പനിക്ക് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് വെള്ളിയാഴ്ച രാത്രി ഏഴോടെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. തടർന്ന് നഗരത്തിലെ അറിയപ്പെടുന്ന സെയ്ഫി, പ്രിൻസ് അലി ഖാൻ, ബോംബെ, ലീലാവതി, മസീന ആശുപത്രകളിൽ ചികിത്സക്കായി ശ്രമിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ഒഴിവില്ലാത്തതും ഒാക്സിജൻ സിലണ്ടർ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടി പ്രവേശനം നൽകിയില്ല. ഒടുവിൽ രാത്രി പത്തോടെ സെൻറ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നഗരത്തിലെ മെഡിക്കൽ കോളജുകളിൽ ഒന്നായ സെൻറ് ജോർജിലെ അധികൃതരും ഒാക്സിജൻ സിലണ്ടർ സംഘടിപ്പിക്കാൻ രോഗിക്ക് ഒപ്പമുള്ളവരോട് ആവശ്യപ്പെട്ട സാഹചര്യമാണുണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. കോവിഡ് പരിശോധനക്കായി സൂക്ഷിച്ച മൃതദേഹം ഇതുവരെ വിട്ടു നൽകിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പരിശോധന ഫലം പ്രതീക്ഷിക്കുന്നു.
ബോംബെ കേരള മുസ്ലിം ജമാഅത്ത് നിർവാഹക സമിതി അംഗവും അവരുടെ മയ്യത്ത് പരിപാല സമിതി അധ്യക്ഷനുമായ ഖാലിദ് സാമൂഹിക പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ആരോഗ്യ സുരക്ഷയില്ലെന്ന് ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് സി.എച്ച് അബ്ദുറഹിമാൻ പറഞ്ഞു. സമയത്ത് ചികിത്സ ലഭിക്കാതെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഖാലിദ്. മുംബൈ സ്വദേശിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.