Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫിൽ നിന്ന് സാമുവൽ...

ഗൾഫിൽ നിന്ന് സാമുവൽ ഇന്നലെ രാത്രി വീട്ടിലെത്തി, ഇന്ന് രാവിലെ കൊല്ലപ്പെട്ടു

text_fields
bookmark_border
kollam ayoor wild buffalo attack
cancel
camera_alt

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാമുവൽ വർഗീസ്

അഞ്ചൽ: ഇന്നലെ രാത്രിയാണ് ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസും (64) ഭാര്യയും ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. രാവിലെ അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാമുവൽ വർഗീസ് കൊല്ലപ്പെട്ടു.

മകളുടെ പ്രസവ ശുശ്രൂഷക്കായി കഴിഞ്ഞ മൂന്ന് മാസമായി സാമുവൽ വർഗീസും ഭാര്യയും ഗൾഫിലായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരും നാട്ടിലെത്തിയത്. രാവിലെ വീട്ടിനോട് ചേർന്നുള്ള റബർ തോട്ടത്തിലാണ് കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്. റബർ ടാപ്പിങ് നടത്തുന്നയാൾ കാട്ടുപന്നിയാണെന്ന് ധരിച്ച് വിരട്ടിയോടിക്കാൻ സാമുവൽ വർഗീസിന്റെ സഹായം തേടി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് ഇരുവർക്കും നേരെ പാഞ്ഞടുത്തത്.

ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സാമുവൽ വർഗീസിനെ പോത്ത് ആക്രമിച്ചു. ഈ സമയം പ്രാണരക്ഷാർത്ഥം റബർ മരത്തിൽ കയറിയതിനാൽ ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടു. സാമുവലിനെ പിന്നിൽ നിന്നാണ് കാട്ടുപോത്ത് കുത്തിയത്. പരിസരവാസികൾ ഓടിയെത്തി ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാമുവലിന്റെ ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.


രാവിലെ കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചിരുന്നു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസിന് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.

കോട്ടയത്ത് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ധനസഹായത്തിന്റെ ആദ്യ ഗഡു നാളെ തന്നെ നൽകും. ഇനിയും കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങുകയാണെങ്കിൽ വെടിവെക്കുമെന്നും കലകട്ർ വ്യക്തമാക്കി.

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ എ.ഡി.എം, സി.എഫ്.ഒ, എം.പി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്.

ജനവാസമേഖലയിൽ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എരുമേലി-പമ്പ റോഡ് പ്രദേശവാസികൾ ഉപരോധിച്ചു. താൽകാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild buffalo attackbison attack
News Summary - Man killed in wild buffalo attack kollam ayoor
Next Story