കെ.എസ്.ആർ.ടി.സി ബസില്‍ യുവതിയോട് സഹയാത്രികന്‍ മോശമായി പെരുമാറി; പരാതിപ്പെട്ടിട്ടും കണ്ടക്ടറും യാത്രക്കാരും ഇടപെട്ടില്ലെന്ന് -VIDEO
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസില്‍ യുവതിയോട് സഹയാത്രികന്‍ മോശമായി പെരുമാറിയെന്ന് പരാതി. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനുമിടയിലാണ് ദുരനുഭവം.
ഇതേക്കുറിച്ച് കണ്ടക്ടറോടും സഹയാത്രികരോടും പറഞ്ഞിട്ടും ആരും ഇടപെട്ടിട്ടില്ലെന്ന് കോഴിക്കോട് സ്വദേശിനിയായ യുവതി പറഞ്ഞു. ബസിൽ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പോലും പ്രതികരിക്കാത്തത് വിഷമം ഉണ്ടാക്കി. കണ്ടക്ടറുടെയും സഹയാത്രികരുടെയും മൗനം, ബസിൽ നേരിട്ട അതിക്രമത്തെക്കാള്‍ മുറിവേല്‍പിച്ചതായും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് അധ്യാപിക പറയുന്നത്:
"കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുമ്പോള്‍ തൃശൂര്‍ എത്തുന്നതിനു മുന്‍പ് എന്‍റെ സീറ്റിന്‍റെ തൊട്ടുപിറകിലിരുന്നയാള്‍ മോശമായി സ്പര്‍ശിച്ചു. ഞാനപ്പോള്‍ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേള്‍ക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ സോറി പറഞ്ഞു. വീണ്ടും ഞാന്‍ ഇരുന്നെങ്കിലും അയാള്‍ പിറകില്‍ തന്നെയുള്ളതിനാല്‍ പേടി തോന്നി. ഞാനെന്ത് ധൈര്യത്തിലാ ഇവിടെയിരിക്കുക എന്ന് വീണ്ടും എഴുന്നേറ്റുനിന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മാപ്പ് മാപ്പ് എന്നും പറഞ്ഞ് രണ്ടു സീറ്റ് പിറകോട്ട് പോയി. കണ്ടക്ടര്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പക്ഷേ അയാള്‍ ഒന്നും പറഞ്ഞില്ല.
ഇത്രയും ഇവിടെ നടന്നിട്ടും ചേട്ടനൊന്നും പറയുന്നില്ലേയെന്ന് ഞാന്‍ കണ്ടക്ടറോട് ചോദിച്ചു. അയാള്‍ മാപ്പ് പറഞ്ഞതല്ലേ ഇനിയിന്തിനാ ഇഷ്യു ആക്കുന്നേ എന്നു കണ്ടക്ടര്‍ ചോദിച്ചു. ഇയാള്‍ ചെയ്ത കാര്യമല്ലേ വിഷയം, ഞാനിങ്ങനെ ഭയന്ന് വിറയ്ക്കുന്നത് കാണുന്നില്ലേ എന്ന് കരഞ്ഞുകൊണ്ട് കണ്ടക്ടറോട് ചോദിച്ചു. നിങ്ങളുടെ മോൾക്കാണ് ഈ അവസ്ഥയെങ്കിലെന്ന് ചോദിച്ചിട്ടും ബസിലുണ്ടായിരുന്ന ആരും ഒന്നും മിണ്ടിയില്ല. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. 40 പേരോളം ആ ബസിലുണ്ടായിരുന്നിട്ടും ആരും എനിക്കു വേണ്ടി സംസാരിച്ചില്ല. ഇങ്ങനെയൊക്കെ ഉണ്ടായാല്‍ ആളുകള്‍ നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെനില്‍ക്കും എന്ന ധൈര്യത്തിലാണ് നമ്മളൊക്കെ യാത്ര ചെയ്യുന്നത്. ഇന്നലെത്തോടെ ആ ധൈര്യം പോയി.
പൊലീസില്‍ അറിയിച്ചു. എന്താ വേണ്ടതെന്ന് പൊലീസ് ചോദിച്ചു. പൊലീസ് അപ്പോള്‍ കണ്ടക്ടറെ മാറ്റിനിര്‍ത്തി സംസാരിച്ചു. തിരിച്ചുവന്ന് ചെയ്തത് തെറ്റാണ്, അയാള്‍ക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞു. പക്ഷേ ഞാനിത് നിയമപരമായി തന്നെ നേരിടും. പ്രതികരിക്കാതിരുന്നാല്‍ നാളെ ഒരു കുട്ടിയെ അയാളുടെ മുന്നില്‍ വെച്ച് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്താല്‍പ്പോലും അയാളിങ്ങനെ ഇരിക്കില്ലേ? ഒന്നും കാണാത്തപോലെ"
നിലവിൽ യുവതി കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി കൈമാറിയിട്ടുണ്ട്. പൊലീസിലും വനിതാകമ്മീഷനിലും ഉടൻ പരാതി നൽകും. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.