ഭാര്യയെ തീവെച്ചുകൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി; മകൾ ഗുരുതരാവസ്ഥയിൽ
text_fieldsകട്ടപ്പന: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീവെച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. പൊള്ളലേറ്റ മകൾ ഗുരുതരാവസ്ഥയിൽ. പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭാര്യ ഉഷയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചശേഷം രവീന്ദ്രൻ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ അതേമുറിയിൽ മറ്റൊരു കട്ടിലിൽ ഉറങ്ങുകയായിരുന്ന മകൾ ശ്രീധന്യക്ക് (18) പൊള്ളലേറ്റു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കുടുംബപ്രശ്നങ്ങളാണ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ രവീന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
പുലർച്ച ഒരു മണിയോടെ പടക്കം പൊട്ടുന്നപോലുള്ള ശബ്ദവും ഉച്ചത്തിലുള്ള കരച്ചിലും കേട്ടാണ് സമീപവാസികൾ ഉറക്കമുണർന്നത്. തീയും പുകയും കണ്ട് അയൽവാസികൾ എത്തുമ്പോൾ മകൾ ശ്രീധന്യ കത്തിക്കരിഞ്ഞ വസ്ത്രങ്ങളുമായി വീടിനു മുന്നിൽനിന്ന് നിലവിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. കിടപ്പുമുറിയിലേക്ക് കടക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. വീട്ടുമുറ്റത്ത് ശുചിമുറിയോട് ചേർന്ന് പ്ലാസ്റ്റിക് വീപ്പയിലെ വെള്ളം ഉപയോഗിച്ച് തീയണച്ചെങ്കിലും രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു. ഇതിനിടെ അയൽവാസികൾ ചേർന്ന് ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. പുറ്റടി പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീധന്യ.
രവീന്ദ്രനും ഭാര്യയും കിടന്ന കട്ടിലും മുറിയിലെ ഉപകരണങ്ങളും പൂർണമായി കത്തിയ നിലയിലാണ്. ഒരു മുറിയും ഹാളും അടുക്കളയും മാത്രമുള്ള സിമന്റ്കട്ട കൊണ്ടു കെട്ടിയ ചെറിയ വീട്ടിലാണ് രവീന്ദ്രനും കുടുംബവും കഴിഞ്ഞിരുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണത്തിനായി മെറ്റലും വീട്ടുമുറ്റത്ത് ഇറക്കിയിട്ടിട്ടുണ്ട്. മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയപ്പോൾ മുറിയിലെ കർട്ടൻ കത്തി ശ്രീധന്യയുടെ വസ്ത്രത്തിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് കരുതുന്നു. വിവാഹിതയായ ശ്രുതി മറ്റൊരു മകളാണ്.
ഇടുക്കി ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. ഇരുവരുടെയും സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.