ഗൃഹനാഥൻ വീടിന് തീയിട്ടു; കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു; രണ്ടുപേർക്ക് പൊള്ളലേറ്റു
text_fieldsമാറഞ്ചേരി (പൊന്നാനി): മാറഞ്ചേരി കാഞ്ഞിരമുക്ക് പുറങ്ങില്‍ ഗൃഹനാഥൻ കിടപ്പുമുറിയില്‍ പെട്രോളൊഴിച്ച് തീയിട്ടതിനെ തുടർന്ന് ഗുരുതര പൊള്ളലേറ്റ് മൂന്നുപേർ മരിച്ചു. ഗൃഹനാഥൻ മണികണ്ഠന്‍ (53), മാതാവ് സരസ്വതി (74), മണികണ്ഠന്റെ ഭാര്യ റീന (48) എന്നിവരാണ് മരിച്ചത്. ഭാര്യയോടൊപ്പം കിടന്നിരുന്ന മുറിക്ക് ബുധനാഴ്ച പുലര്‍ച്ച രണ്ടോടെയാണ് മണികണ്ഠൻ തീകൊളുത്തിയത്. മണികണ്ഠന്റെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുറിയിൽനിന്ന് തീ പുറത്തേക്ക് പടർന്നതിനെ തുടർന്ന് വസ്ത്രത്തിനും പായക്കും തീ പിടിച്ചാണ് കിടപ്പുരോഗിയായ സരസ്വതി മരിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അനിരുദ്ധനും നന്ദനക്കും പൊള്ളലേറ്റത്.
സമീപവാസിയായ സജീവനാണ് മണികണ്ഠന്റെ വീട്ടിൽനിന്ന് തീയും പുകയും കണ്ടത്. കത്തിക്കരിഞ്ഞ ഗന്ധവുമുണ്ടായിരുന്നു. ഓടിച്ചെന്നപ്പോൾ വീട്ടിലുള്ളവരെയെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് മണികണ്ഠന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. മണികണ്ഠന് കടകളിൽ പപ്പടം വിതരണം ചെയ്യുന്ന ജോലിയാണ്. റീന കാഞ്ഞിരമുക്ക് സ്കൂളിലെ ജീവനക്കാരിയാണ്.
നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്ത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽവെച്ചാണ് സരസ്വതിയും മണികണ്ഠനും റീനയും മരിച്ചത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പെരുമ്പടപ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.