കൂത്തുപറമ്പിൽ യുവാവ് വെട്ടേറ്റ് മരിച്ചു
text_fieldsകൂത്തുപറമ്പ്: കണ്ണവത്തിനടുത്ത തൊടിക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം അമ്പലത്തിന് സമീപത്തെ രേഷ്മ നിവാസിൽ വി.കെ. രാഗേഷ് (39) ആണ് കൊല്ലപ്പെട്ടത്. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ യു.ടി.സി കോളനിക്കടുത്ത് ഞായറാഴ്ച പുലർച്ച 6.30ഓടെയാണ് സംഭവം. കോളനി പരിസരത്തെത്തിയ രാഗേഷിനെ ഒരു സംഘം വെട്ടുകയായിരുന്നു. സമീപത്തെ റബർ തോട്ടത്തിന് സമീപത്താണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കണ്ണവം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം പ്രവർത്തകനായ രാഗേഷ് പൊതുരംഗത്തും സജീവമായിരുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നാണ് പൊലീസ് പറയുന്നത്. കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ. സുധീറിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തൊടീക്കളത്തെ പരേതനായ വി.കെ. രാഘവെൻറയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഷിജി. മക്കൾ: അഞ്ജന, ചന്ദന. സഹോദരങ്ങൾ: രജീഷ്, രേഷ്മ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.