ആലപ്പുഴയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശി അറസ്റ്റിൽ
text_fieldsപൂച്ചാക്കൽ: ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം പണം കാണിച്ചു വശീകരിച്ചു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും കുട്ടികളെ വശീകരിക്കുന്നതിനുള്ള ഭക്ഷണപദാർഥങ്ങളും ആയുധങ്ങളും പിടികൂടി. തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ചു കുട്ടി മനസിലാക്കിയിരുന്നതിനാൽ രക്ഷപ്പെട്ടു. ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട ചിന്നപ്പയെയാണ്(71) പൂച്ചാക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച ഉച്ചയോടെ പാണാവള്ളി അരയങ്കാവ് ഭാഗത്തായിരുന്നു സംഭവം. ദേവികൃപയിൽ സജീവന്റെ യു.കെ.ജി വിദ്യാർഥിയായ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ചിന്നപ്പ വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടിയെ 10 രൂപയുടെ നോട്ട് കാണിച്ച ശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് അടുക്കളയിലുണ്ടായിരുന്ന മാതാവ് ജിഷ ഓടിയെത്തിയതോടെ ചിന്നപ്പ ഓടിരക്ഷപ്പെട്ടു.
ഭാര്യയുടെയും മകന്റെയും ബഹളം കേട്ടെത്തിയ സജീവും നാട്ടുകാരും ചേർന്ന് ചിന്നപ്പയെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചിന്നപ്പ എന്നത് അയാൾ പറഞ്ഞ പേരാണെന്നും ആന്ധ്ര പൊലീസുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിക്കുകയാണെന്നും ചേർത്തല ഡി.വൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. കുത്തിയതോട് സി.ഐ കെ.ജെ. സജീവ്, പൂച്ചാക്കൽ പ്രബേഷൻ എസ്.ഐ ജിൻസൺ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
കാഷായം വേഷം ധരിച്ചു സഞ്ചിയും കയ്യിൽ വടിയും പിടിച്ചാണ് ചിന്നപ്പ ഭിക്ഷ യാചിക്കാൻ നടക്കുന്നത്. വടിയിൽ വെള്ളിനിറത്തിലുള്ള പേപ്പറുകൾ ചുറ്റിയിരുന്നു. ഇന്നലെ അരയങ്കാവ് ഭാഗത്ത് പലവീടുകളിൽ നിന്നും ഭിക്ഷയാചിച്ചു. അതിനിടെയാണ് സജീവിന്റെ വീട്ടിലെത്തിയത്. നാട്ടുകാർ പിടികൂടി സഞ്ചി പരിശോധിച്ചപ്പോൾ ഉരുളൻ വറുത്തതിന്റെ പായ്ക്കറ്റ്, റബ്ബർ ബോൾ, ഐസ്ക്രീം ബോൾ, കത്തി, ചവണ ആണി തുടങ്ങിയവും 8130രൂപയും കണ്ടെത്തി.
നാട്ടുകാർ പിടികൂടിയപ്പോൾ ആദ്യം തമിഴും പിന്നീടും തെലുങ്കും സംസാരിച്ചതോടെ നാട്ടുകാർക്ക് കൂടുതൽ സംശയമായി. ഭിക്ഷാടനത്തിനായി മൂന്നു മാസം മുൻപ് ഇവിടെ എത്തിയതാണെന്നും ചിന്നപ്പ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭാര്യയേയും മക്കളെയും ബോധവൽകരിച്ചിരുന്നെന്ന് കുട്ടിയുടെ പിതാവ് സജീവ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ചു വരുന്ന സന്ദേശങ്ങൾ ശനിയാഴ്ച രാത്രിയിലും ഭാര്യയേയും മക്കളെയും കാണിക്കുകയും വിവരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം കാട്ടി വശീകരിക്കാൻ നോക്കിയപ്പോൾ തന്റെ മകൻ വഴങ്ങാതെ രക്ഷപ്പെട്ടതെന്നും സജീവ് പറഞ്ഞു. ചിന്നപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മണിക്കൂറുകളോളം പൂച്ചാക്കൽ സ്റ്റേഷനിൽ തടിച്ചുകൂടി നിന്ന്. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ പിന്തിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.