6000 രൂപയുടെ സിഗററ്റുമായി കടന്ന സംഭവം; പെട്ടിക്കടക്കാരനെ കബളിപ്പിച്ചയാൾ മറ്റ് കടകളിലും തട്ടിപ്പിന് ശ്രമിച്ചു
text_fieldsആലുവ: പെട്ടിക്കടക്കാരനെ കബളിപ്പിച്ച് 6,500 രൂപയുടെ സിഗററ്റുമായി കടന്നയാൾ മറ്റ് കടകളിലും സമാന തട്ടിപ്പിന് ശ്രമിച്ചതായി വിവരം. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. പെട്ടിക്കടക്കാരനെ കബളിപ്പിച്ച് 6,500 രൂപയുടെ സിഗരറ്റാണ് യുവാവ് തട്ടിയെടുത്തത്.
വ്യാഴാഴ്ച വൈകീട്ടാണ് തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ കടയിൽ തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണത്തിൽ യുവാവിന്‍റെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവിടെ തട്ടിപ്പ്നടത്തുന്നതിന് മുമ്പ് ആലുവ മാർക്കറ്റിൽ സെന്‍റ് ഡൊമിനിക്ക് പള്ളിക്ക് എതിർവശത്തെ സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലും തോട്ടക്കാട്ടുകരയിലെ മൊബൈൽ സർവിസ് സെന്‍ററിലുമാണ് ഇയാൾ തട്ടിപ്പിന് ശ്രമം നടത്തിയത്.
സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്നാണ് പ്രതിയുടെ ദൃശ്യം ശേഖരിച്ചത്. ഇവിടെയും സിനിമ ഷൂട്ടിങ് ലൊക്കേഷനിലേക്കെന്ന് പറഞ്ഞ് 20,000 രൂപയുടെ സിഗരറ്റുകൾ പാക്ക് ചെയ്യിപ്പിക്കുകയായിരുന്നു. ഒരാൾ കൂടി ഇപ്പോൾ വരുമെന്ന് പറഞ്ഞ് കടയിൽ തന്നെ കുറച്ചുനേരം നിന്നു. സിഗററ്റുമായി കടന്നുകളയാനായിരുന്നു നീക്കം. കൂടുതൽ ജീവനക്കാരുള്ളതിനാൽ സിഗരറ്റ് പൊതിയുമായി ഓടിരക്ഷപ്പെടാൻ കഴിയില്ലെന്ന് മനസിലാക്കിയ പ്രതി ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
ഈ സമയത്തൊന്നും തട്ടിപ്പായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് കടയുടമക്ക് മനസിലായില്ല. പെട്ടിക്കടയിലെ തട്ടിപ്പ് വാർത്ത മാധ്യമങ്ങളിൽ കണ്ടപ്പോഴാണ് സിഗരറ്റ് മൊത്തവ്യാപാരിക്ക് തലേദിവസത്തെ സംഭവം ഓർമ്മവന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ച് സി.സി ടി.വി ദൃശ്യം കൈമാറി.
തോട്ടക്കാട്ടുകരയിലെ മൊബൈൽ ഷോപ്പിൽ പഴയ മൊബൈൽ വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം സാഹചര്യം മോശമാണെന്ന് മനസിലാക്കിയാണ് സമീപത്തെ പെട്ടിക്കടയിലെത്തിയത്. മൊബൈൽ ഷോപ്പിൽ കടയുടമ ഉൾപ്പെടെ മൂന്ന് യുവാക്കൾ ഉണ്ടായിരുന്നു. തുടർന്നാണ് അടുത്ത കടയിലേക്ക് പോയത്. മൊബൈൽ ഷോപ്പ് കടയുടമയും പെട്ടിക്കടയുടമയും സി.സി ടി.വി ദൃശ്യത്തിൽ കണ്ടയാൾ തന്നെയാണ് ഇവിടെയും തട്ടിപ്പിന് ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂർ കടേപിള്ളി കൊല്ലംപറമ്പിൽ വീട്ടിൽ കെ.എ. ആനന്ദനാണ് (71) ഇന്നലെ തട്ടിപ്പിന് ഇരയായത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ യുവാവ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6527 രൂപയ്ക്ക് സിഗരറ്റും കോഴിമുട്ടയും വാങ്ങി പണം നൽകാതെ കടന്നത്. ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെയും ചവിട്ടി താഴെയിട്ട് സർവിസ് റോഡിലൂടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ആനന്ദനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.