‘മൊയ്തീൻകുട്ടിയെയും എന്നെയും പൊലീസ് മർദിച്ചു’ ഹൃദ്രോഗമുണ്ടെന്ന് പൊലീസിനോട് പറഞ്ഞിരുന്നു
text_fieldsപെരിന്തൽമണ്ണ: പാണ്ടിക്കാട് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി താൻ ഹൃദ്രോഗിയാണെന്ന് പൊലീസുകാരോട് പറഞ്ഞിരുന്നതായി കൂടെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്ന ഷമീറലി പറഞ്ഞു. ഞങ്ങളെ രണ്ടുപേരെയും മർദിച്ചെന്നും പൊലീസ് ഓഫിസർ മൊയ്തീൻകുട്ടിയെ മുഖത്തടിച്ചത് തന്റെ മുന്നിൽവെച്ചായിരുന്നെന്നും ഷമീറലി പറഞ്ഞു. മൊയ്തീൻകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി അഞ്ച് മിനിറ്റിനു ശേഷം ഒരു പൊലീസുകാരൻ വന്ന് ഒരു ഗ്ലാസ് ചായ വേണമെന്ന് അറിയിച്ചതായി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സലീം ഹാജിയും വാർഡ് അംഗം ജോജോ മാത്യുവും പറഞ്ഞു.
അകത്ത് കയറിയപ്പോൾ തളർന്ന് പാതി ബോധം പോയ നിലയിൽ ചുമരിൽ ചാരിയിരിക്കുന്ന മൊയ്തീൻ കുട്ടിയെയാണ് കണ്ടതെന്നും ഇവർ പറഞ്ഞു. ഉടൻ പൊലീസ് ജീപ്പിൽ സ്റ്റേഷന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശരീരം തളർന്നതിനാൽ ഡ്രിപ് കയറ്റി. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി സ്റ്റേഷനിലെത്തി ഒപ്പിട്ട് പോവാൻ പൊലീസ് നിർദേശിച്ചു. അതുപ്രകാരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
രണ്ട് പൊലീസുകാർക്ക് സസ്പെഷൻ ക്രൈംബ്രാഞ്ച് അന്വേഷിക്കും
മലപ്പുറം: പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെഷൻ. പാണ്ടിക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ആൻഡസ് വിൻസ്, ടി.പി. ഷംസീർ എന്നിവരെയാണ് അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സസ്പെൻഷനെന്നും വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും എസ്.പി അറിയിച്ചു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ല ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി. ബാബുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മജിസ്റ്റീരിയൽ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കലക്ടർക്കാണ് ചുമതല. പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ തൃപാഠിയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.