മനാഫ് വധക്കേസ്: നാല് പ്രതികളുടെ വിചാരണ ഇന്ന് തുടങ്ങും
text_fieldsമഞ്ചേരി: യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ നാല് പ്രതികളുടെ വിചാരണ മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് മുമ്പാകെ തിങ്കളാഴ്ച ആരംഭിക്കും. ഒന്നാം പ്രതി മാലങ്ങാടന് ഷഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന് ഷരീഫ്, 17ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം മപ്രം പയ്യനാട്ട്തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുടെ വിചാരണയാണ് 28 വര്‍ഷത്തിനുശേഷം ആരംഭിക്കുന്നത്. ഷഫീഖും ഷരീഫും പി.വി. അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരാണ്. 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ രാവിലെ 11.30ഓടെ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാറിന്റെ അപ്പീലും മനാഫിന്റെ സഹോദരന് അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്. സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാറാണ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.