മനാഫ്: മനുഷ്യത്വത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പേര്
text_fieldsബംഗളൂരു: ഷിരൂർ ദൗത്യവും അർജുൻ വിഷയവും കേരളത്തിന് നിരവധി സാമൂഹിക പാഠങ്ങളാണ് പകർന്നുനൽകിയതെന്നും ദുരന്തമുഖങ്ങളിൽ ആരും മതം ചികയരുതെന്നും ലോറി ഉടമ കോഴിക്കോട് സ്വദേശി മനാഫ്. മൂന്നാംഘട്ട ദൗത്യത്തിലെ ആറാം ദിനത്തിൽ അർജുന്റെ മൃതദേഹ ഭാഗങ്ങളും ലോറിയും കണ്ടെടുത്തതിന് പിന്നാലെ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു മനാഫ്.
‘നമ്മൾ എത്രയോ പുരോഗമിച്ച സമൂഹമാണ്. എന്നിട്ടും ദുരന്ത മുഖങ്ങളിൽ ചിലയാളുകൾ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോർത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്. ഷിരൂർ ദുരന്തത്തിൽ കേരളം കാണിച്ച ജാഗ്രതയും ഒത്തൊരുമയും വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ പോസിറ്റിവായി ഫലം ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദുരന്തമുഖങ്ങളിൽ ജാഗ്രതയോടെയിരിക്കാൻ ഷിരൂർ അപകടം നമ്മളെ ഓർമിപ്പിക്കുന്നു. അർജുനുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണമായിരുന്നു. ഒപ്പം നിന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നന്ദി -മനാഫ് പറഞ്ഞു.
മുന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂർ ദൗത്യത്തിന്റെ അനിശ്ചിത നാളുകളിൽ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അർജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും മാറിമാറി തീക്ഷ്ണത പകർന്ന ഷിരൂരിൽ തന്റെ സഹോദരനെ പോലെ കരുതിയ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ രാപകലില്ലാതെ ഓടിനടക്കുകയായിരുന്നു. ഒടുവിൽ ഗംഗാവാലി പുഴയുടെ ആഴങ്ങളിൽനിന്ന് തകർന്ന ലോറിയുടെ കാബിനുള്ളിൽ ജീവനൊലിച്ചുപോയ നിലയിൽ അർജുനെ കണ്ടെത്തുമ്പോൾ, അത് ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനോടുള്ള ബഹുമാനത്തിന്റെ സാമൂഹിക പാഠമായി മാറി. സഹോദര ജീവൻ പുഴയിലുപേക്ഷിക്കുന്നതിന് പകരം അന്ത്യകർമത്തിനായി ശേഷിപ്പെങ്കിലും വീണ്ടെടുക്കാനുള്ള സമാനതകളില്ലാത്ത ദൗത്യമാണ് ഷിരൂരിൽ കണ്ടത്. അതിന്റെ തുടർച്ചയായാണ് കാണാതായ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിൽ തുടരുമെന്ന കാർവാർ എം.എൽ.എ സതീഷ് സെയിലിന്റെ പ്രഖ്യാപനവും. അർജുനു വേണ്ടി കേരളം കാണിച്ച ജാഗ്രതയില്ലായിരുന്നെങ്കിൽ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവർക്കായി തിരച്ചിലിന് സാധ്യത പോലും അവശേഷിക്കുമായിരുന്നില്ല.
‘മരണാനന്തര ചടങ്ങ് നടത്താനായല്ലോ’
കോഴിക്കോട്: ‘‘ഞാൻ വാക്കുപാലിച്ചു. അവനെ വീട്ടിൽ കൊണ്ടുവരുമെന്ന് അവന്റെ അച്ഛനും അമ്മക്കും ഉറപ്പുകൊടുത്തിട്ടുണ്ട്. അവൻ സത്യമുള്ളവനാ. എല്ലാവരും ചോദിച്ചിട്ടുണ്ട്, ഒരു ഡ്രൈവർക്കുവേണ്ടിയാണോ ഇത്രയൊക്കെ സാഹസമെന്ന്. അവൻ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്’’ -ഷിരൂരിൽ കാണാതായ അർജുന്റെ ലോറി ഉടമ മാങ്കാവ് കിണാശ്ശേരി സ്വദേശി മനാഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘അവന്റെ മൃതശരീരം ഞാൻ കണ്ടു. അവൻ ധരിച്ച ടീ ഷർട്ട് അതേപോലെയുണ്ട്. വെറും എല്ലു മാത്രമാണുള്ളതെന്ന് പലരും പറയുന്നു. ആരാ ശരീരം കണ്ടത്? ഞാൻ മാത്രമാണ് മൃതദേഹം കണ്ടത്. ഈ പറയുന്ന ആരും കണ്ടിട്ടില്ല. ഫോട്ടോ പോലും ഞാൻ എടുത്തിട്ടുണ്ട്. ആർക്കും കൊടുത്തിട്ടില്ലെന്നുമാത്രം. കൊടുക്കുകയുമില്ല. ശവത്തിൽ കുത്തുന്ന വാക്കുകളാണ് പലരും പറയുന്നത്. ശരീരം ജീർണിച്ചിട്ടുണ്ട്. നടു മടങ്ങിയാണ് കിടപ്പ്. എനിക്ക് ഉറപ്പുണ്ടായിരുന്നു ലോറി അങ്ങനെയൊന്നും ചിന്നിച്ചിതറിപോകില്ലെന്ന്. ഞാൻ അന്നേ പറഞ്ഞില്ലേ കാബിൻ അത്ര പെട്ടെന്ന് തകരില്ലെന്ന്. ലക്ഷ്മണൻ നായിക്കിന്റെ കടയുടെ അടുത്തുതന്നെ ഉണ്ടാകുമെന്നും പറഞ്ഞതാ. അവനെ തിരിച്ചുകിട്ടാൻ വേണ്ടി മുട്ടാത്ത വാതിലില്ല. ഒരു സാധാരണക്കാരന് കഴിയുന്നതൊക്കെ ഇക്കാര്യത്തിൽ ചെയ്തു. മരണാനന്തര ചടങ്ങ് സാധ്യമായല്ലോ. അവനേം കൊണ്ടേ ഇവിടെ നിന്ന് പോകൂവെന്ന് ഉറപ്പിച്ചു തന്നെയാ നിന്നത്. ഒരാൾ ഉറച്ച് ഒരുകാര്യത്തിനിറങ്ങിയാൽ അത് സാധിക്കും. വാക്കുപാലിക്കാൻ കഴിഞ്ഞു, അഭിമാനത്തോടെ എനിക്ക് അവന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം. ഒരുപാത്രത്തിലാ ഞങ്ങൾ തിന്നത്. ഞങ്ങൾ തമ്മിൽ അങ്ങനെയാ. അവന് ഞാൻ ഉടമയല്ല സ്വന്തം സഹോദരനാണ്. അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാൻ മാത്രം എങ്ങനെയാ പോകുക’’ -മനാഫിന്റെ വാക്കുകൾ മുറിഞ്ഞത് കരച്ചിലടക്കാൻ കഴിയാതെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.