‘അർജുന്‍റെ പേരിൽ ഫണ്ട് സ്വീകരിച്ചിട്ടില്ല; തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞു കൊന്നോട്ടെ’; ആരോപണങ്ങൾ തള്ളി മനാഫ്
text_fieldsകോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ പേരിൽ മുതലെടുപ്പിന് ശ്രമിച്ചെന്ന കുടുംബത്തിന്‍റെ ആരോപണങ്ങൾ തള്ളി ലോറി ഉടമ മനാഫ്. അർജുന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞു കൊല്ലാമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ തുടങ്ങിയത് തനിക്ക് അറിയാവുന്നവരിലേക്ക് വിവരം കൈമാറാൻ മാത്രമാണ്. ലോറിക്ക് ‘അർജുൻ’ എന്നുതന്നെ പേര് നൽകുമെന്നും എത്ര ക്രൂശിച്ചാലും താൻ ചെയ്തതൊന്നും ഇല്ലാതാകില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
രണ്ടാംഘട്ടം കഴിഞ്ഞപ്പോൾ മനാഫ് യൂട്യൂബ് ചാനലുണ്ടാക്കി. അർജുന്‍റെയും കുടുംബത്തിന്‍റെയും പേരുപറഞ്ഞുള്ള പ്രചാരണം നിർത്തണം. ഇല്ലെങ്കിൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കും. അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയു. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. പൊതുസമൂഹത്തിനു മുന്നിൽ കുടുംബത്തെ അപമാനിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
അര്‍ജുനെ കാണാതായതു മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തിരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.