കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് മനാഫിന്റെ പരാതി
text_fieldsകോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
ഒക്ടോബർ രണ്ടിന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയിൽ പറയുന്നു. മതസ്പർധ വളർത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് ചൂണ്ടിക്കാട്ടി. നേരത്തെ, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. കുടുംബത്തിനെതിരെ ഉയർന്ന സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് മനാഫിന്‍റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്.
കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ പരിശോധിച്ചുവരുകയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കും. മനാഫിനെയും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെയും പ്രതിചേര്‍ത്തായിരുന്നു ആദ്യം പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരുന്നത്. സമൂഹമാധ്യമ പേജുകൾ പരിശോധിച്ചശേഷം മനാഫിന്‍റെ പോസ്‌റ്റുകൾക്കുകീഴിൽ അഭിപ്രായം നടത്തിയവരാണ് ചേരിതിരിവിനിടയാക്കുന്ന തരത്തിലേക്ക് സംഭവം വഷളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് അർജുന്‍റെ സഹോദരി അഞ്ജു പരാതി നൽകിയത്.
കുടുംബത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിർത്തണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.