പ്രബേഷൻ ഹോം നടത്തിപ്പ്; പുറം തിരിഞ്ഞ് എൻ.ജി.ഒകൾ
text_fieldsകൊച്ചി: സംസ്ഥാനത്ത് പുരുഷന്മാരുടെ പ്രബേഷൻ ഹോം നടത്തിപ്പ് ഏറ്റെടുക്കാൻ ആളില്ല. ജയിലിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കാൻ സ്ഥലമില്ലാത്തവർ, താമസസ്ഥലമില്ലാത്തതിനാൽ ജയിലിൽ നിന്ന് പ്രത്യേകം അവധി ലഭിക്കാത്തവർ എന്നിവർക്കുവേണ്ടിയാണ് സാമൂഹിക നീതി വകുപ്പിനുകീഴിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രബേഷൻ ഹോം പ്രവർത്തിക്കുന്നത്. നടത്തിപ്പിന് ആരും വരാത്തതിനാൽ മൂന്നാംവട്ടവും സാമൂഹിക നീതിവകുപ്പ് താൽപര്യപത്രം(ഇ.ഒ.ഐ) ക്ഷണിച്ചിരിക്കുകയാണ്.
നിലവിൽ പ്രബേഷൻ ഹോം നടത്തുന്ന കൊല്ലം വാളകത്തുള്ള എൻ.ജി.ഒയുമായുള്ള കരാർ കാലാവധി അവസാനിച്ചു. ഈ സാഹചര്യത്തിൽ ജൂൺ അഞ്ചിന് ആദ്യതവണ താൽപര്യപത്രം ക്ഷണിച്ചു. ആരും അപേക്ഷിക്കാതിരുന്നതിനെത്തുടർന്ന് ജൂലൈ 20ന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. അതിനും ആരും വരാതായതോടെയാണ് മൂന്നാംവട്ടം താൽപര്യപത്രം ക്ഷണിച്ചത്. ഇക്കഴിഞ്ഞ 14ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സെപ്റ്റംബർ 30ന് മുമ്പ് പ്രപ്പോസലുകൾ സമർപ്പിക്കേണ്ടതുണ്ട്.
ഒരേസമയം 25 പേർക്ക് താമസ സൗകര്യമുള്ള കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കേണ്ടത്. പുനരധിവാസ മേഖലയുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അംഗീകാരവുമുണ്ടാകണം. സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്ന, ഓഫിസും സാമ്പത്തിക ഭദ്രതയുമുള്ള എൻ.ജി.ഒ ആയിരിക്കണം, മാനേജിങ് കമ്മിറ്റി/ ഓഫിസ് സംവിധാനം എന്നിവയുള്ളതും മികച്ച പ്രവർത്തനം കാഴ്ചവെച്ചതുമായ എൻ.ജി.ഒ ആയിരിക്കണമെന്നും നിബന്ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.