'മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ'; മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്
text_fieldsകോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ വ്യക്തിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ വിമർശിച്ചാൽ പൊതുമരാമത്ത് മന്ത്രിക്ക് മാത്രമേ നോവുന്നുള്ളൂ. വേറെ ആർക്കും നോവുന്നില്ല. മറുപടി പറയാൾ ഇദ്ദേഹം മാത്രമേയുള്ളൂ. മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിച്ചപ്പോൾ പൊട്ടിത്തെറിച്ചത് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
'പൊതുമരാമത്ത് മന്ത്രിയുടെ നാവ് റെഡിയായി എന്നറിഞ്ഞതിൽ സന്തോഷം. മാസപ്പടി വിവാദം വന്നപ്പോൾ അദ്ദേഹം നാവ് ഉപ്പിലിട്ടു വച്ചിരിക്കുകയായിരുന്നു. കണ്ണാടി നോക്കിയാൽ പ്രതിപക്ഷ നേതാവ് ലജ്ജ കൊണ്ട് മുഖം കുനിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാവുന്ന കാര്യങ്ങളേ ഞാൻ ചെയ്തിട്ടുള്ളൂ. അത് ഓരോരുത്തരുടെയും ആത്മവിശ്വാസമാണ്. വിലയിരുത്തേണ്ടത് ജനങ്ങളാണ്. പൊതുമരാമത്ത് മന്ത്രി കണ്ണാടി നോക്കിയാൽ എങ്ങനെ ഈ സ്ഥാനത്ത് എത്തിയത് എന്നതിന്റെ പൂർവകാല കഥകൾ അറിയും. കോഴിക്കോട് മത്സരിക്കാനെത്തിയപ്പോൾ എം.പി. വീരേന്ദ്രകുമാർ പറഞ്ഞത് മുതൽ മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായത് വരെയുള്ള മുഴുവൻ കാര്യങ്ങളും കണ്ണാടി നോക്കിയാൽ തെളിയും. ആരാണ് നാണിച്ച് തലതാഴ്ത്തുകയെന്ന് അപ്പോൾ ബോധ്യമാകും.'
ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നത് നാടകമാണ്. സെനറ്റിലേക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ലെറ്റർ പാഡിലും ആളുകളുടെ പേരുകൾ ശിപാർശ ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് എന്നെക്കുറിച്ച് നല്ലത് പറഞ്ഞാലെ ഭയപ്പെടേണ്ടതുള്ളൂ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടുമ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിക്ക് ഒപ്പമേ നിൽക്കാനാകൂ. അതാണ് അവർ തമ്മിലുള്ള ബന്ധമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.