റേറ്റിങ് ‘സി’യിലേക്ക് താഴ്ത്തിയത് കേരള ബാങ്കിനെ ബാധിക്കില്ലെന്ന് മാനേജ്മെന്റ്
text_fieldsതിരുവനന്തപുരം: കേരളബാങ്കിന്റെ റേറ്റിങ് റിസർവ് ബാങ്ക് ‘ബി’യിൽനിന്ന് ‘സി’യിലേക്ക് മാറ്റിയത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, സി.ഇ.ഒ ജോർട്ടി എം. ചാക്കോ എന്നിവർ അറിയിച്ചു. സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്നനിലയിൽ നബാർഡ് എല്ലാ വർഷവും കേരള ബാങ്കിൽ പരിശോധന നടത്താറുണ്ട്. സാധാരണ നടപടിക്രമം മാത്രമാണിത്.
2022-23 സാമ്പത്തിക വർഷത്തെ പരിശോധനയെതുടർന്ന് നടത്തിയ റേറ്റിങ്ങിലാണ് റേറ്റിങ് ‘ബി’-യിൽനിന്ന് ‘സി’ ആക്കി മാറ്റിയത്. ഇതിലൂടെ ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായി കുറയുക മാത്രമാണ് ചെയ്തത്.
ബാങ്ക് 48,000 കോടി രൂപയുടെ വായ്പയുണ്ട്. ഇതിൽ ഏകദേശം മൂന്നു ശതമാനം വായ്പകൾ മാത്രമാണ് വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവ. അതിനാൽ ബാങ്കിന്റെ നിക്ഷേപത്തെയോ, പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയെ ബാധിക്കില്ലെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.