സ്വാശ്രയ മെഡിക്കൽ: കോടതി വിധിക്കെതിരെ മാനേജ്മെൻറ് അസോ. സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള ഫീസ് നിർണയാധികാരം ഫീ െറഗുലേറ്ററി കമ്മിറ്റിക്ക് നൽകുന്ന നിയമവ്യവസ്ഥ ശരിവെച്ച ഹൈകോടതി വിധിക്കെതിരെ മാനേജ്മെൻറ് അസോസിയേഷൻ സുപ്രീംകോടതിയിലേക്ക്.
ഫീസ് നിർണയാവകാശം മാനേജ്മെൻറുകൾക്ക് സ്ഥാപിച്ചുകിട്ടാനാണ് കോടതിയെ സമീപിക്കുന്നതെന്നും അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിൽ പറഞ്ഞു.
എന്നാൽ ഹൈകോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടി ആലോചിക്കുകയെന്ന് ക്രിസ്ത്യൻ മാനേജ്മെൻറ് ഫെഡറേഷൻ കോഒാഡിനേറ്റർ ഇ.ജെ. ഇഗ്നേഷ്യസ് പറഞ്ഞു. വിധിയിലെ ഫീസ് നിർണയാധികാരം സംബന്ധിച്ച ഭാഗം കൂടുതൽ വ്യക്തമാകേണ്ടതുണ്ട്.
ഫീസ് തീരുമാനിക്കേണ്ടത് മാനേജ്മെൻറുകളും അത് ക്രമീകരിക്കേണ്ടത് ഫീ െറഗുലേറ്ററി കമ്മിറ്റിയുമാണ്. ഫീസ് നിശ്ചയിക്കുന്നത് പൊതുജനാഭിപ്രായം പരിഗണിച്ചല്ല, കോളജുകളുടെ നടത്തിപ്പ് പരിഗണിച്ചാണെന്ന പരാമർശം കോടതി വിധിയിൽ ഉള്ളതായും ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിഗത മാനേജ്മെൻറുകളുമായി കരാർ ഒപ്പിടാൻ സർക്കാറിന് അധികാരം നൽകുന്ന നിയമത്തിലെ 17ാം വകുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
സ്വാശ്രയ പ്രവേശനത്തിൽ സർക്കാറിന് ഇടപെടാൻ അവസരമൊരുക്കുന്ന വ്യവസ്ഥ അടങ്ങിയ ഇൗ വകുപ്പ് കോടതി അസാധുവാക്കിയതിനെതിരെ അപ്പീൽ പോകണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന.
സർക്കാറുമായി കരാർ ഒപ്പുവെക്കുന്ന കോളജുകളിൽ കുറഞ്ഞ ഫീസിൽ പഠനാവസരം ഒരുക്കാൻ ഇൗ വ്യവസ്ഥ നിലനിൽക്കണമെന്നാണ് മന്ത്രിയുടെ നിലപാട്. അതിനിടെ, ഇൗ വകുപ്പിൽ അപ്പീൽ നൽകിയാൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവകുപ്പിെൻറ വിലയിരുത്തൽ.
ടി.എം.എ പൈ കേസിലെ വിധി പ്രകാരം ക്രോസ് സബ്സിഡി പാടില്ലെന്നിരിക്കെ വ്യത്യസ്തതരം ഫീസ് ഘടനയിൽ മാനേജ്മെൻറുകളുമായി കരാർ ഒപ്പിടാൻ വഴിയൊരുക്കുന്ന വകുപ്പ് നിലനിൽക്കില്ലെന്നും നിയമവകുപ്പ് അധികൃതർ പറയുന്നു.
വിധി പകർപ്പ് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഒാഫിസും പറഞ്ഞു. അതേസമയം, വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.