അത്യാവശ്യമാണ് അത്യാഹിത വിഭാഗം
text_fieldsമങ്കട: താലൂക്ക് ആശുപത്രിയായില്ലെങ്കിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു അത്യാഹിത വിഭാഗമെങ്കിലും വേണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. പ്രദേശത്തുകാര്‍ക്ക് എന്ത് അത്യാഹിതമുണ്ടായാലും 10ഉം 12ഉം കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മഞ്ചേരിയിലേയോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കും കടന്ന് പെരിന്തല്മണ്ണയിലേയോ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മങ്കട വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, എല്‍.പി സ്കൂള്‍, മറ്റു സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ കുട്ടികള്‍ക്ക് സ്കൂള്‍ സമയത്തുണ്ടാകുന്ന എന്ത് അത്യാഹിതത്തിനും ആശ്രയിക്കാനുള്ള ഏക സ്ഥാപനമാണ് മങ്കട ആശുപത്രി. ഉപകാരപ്രദമായതും അല്ലാത്തതുമായ ഒരു ഡസന്‍ കെട്ടിടങ്ങളുണ്ട് ആശുപത്രി വളപ്പില്‍. പഴയ ചെറിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി വലിയ ഒറ്റക്കെട്ടിടമാക്കിയാല് വൃത്തിയുള്ളതും ശാസ്ത്രീയവുമായ ആശുപത്രി കോമ്പൗണ്ട് വികസിപ്പിച്ചെടുക്കാനാകും.
ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അഞ്ച് കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതില്‍ ഒരു കോടിയാണ് രണ്ടു വര്‍ഷം മുമ്പ് ബജറ്റില്‍ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എച്ച്.എം.സിയും കൂടാതെ ഇടത്, വലത് മുന്നണികൾ അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരന്തരം ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയിട്ടില്ല.
അത്യാഹിതങ്ങള്‍ക്കും എക്സ് റേ, ഇ.സി.ജി തുടങ്ങിയ സാങ്കേതിക പരിശോധനകള്‍ക്കും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട ഗതിയാണ് ഇന്നാട്ടുകാര്‍ക്ക്. ആശുപത്രിയുടെ ഗേറ്റും മുന്‍വശത്തുള്ള മതിലും പൊളിച്ചിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. തര്‍ക്കത്തിലിരിക്കുന്ന ഭാഗത്ത് ഈയിടെ മതില് ഭാഗികമായി പുനര്‍നിര്‍മിച്ചെങ്കിലും ഗേറ്റ് സ്ഥാപിച്ചിട്ടില്ല. 2014ല്‍ ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയുന്നതിനോടനുബന്ധിച്ചാണ് വടക്കുവശത്തുള്ള മതിലും ഗേറ്റും പൊളിച്ചത്.
ഇതിനോടനുബന്ധിച്ചുണ്ടായ പൊതുവഴിതര്ക്കം പരിഹരിക്കാൻ വേണ്ടിയാണ് ഇത്രയും കാലം ഈ വിഷയം നീണ്ടുപോയത്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും മറ്റും ആശ്രയിക്കാവുന്ന ഒരു മില്‍മ ബൂത്തും ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരില്‍ ബൂത്ത് പൂട്ടിയിട്ട് വര്‍ഷങ്ങളായി.
ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കണം
എം.എല്‍.എ, കിഫ്ബി ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ബഹുനില കെട്ടിടത്തില്‍തന്നെ ഇപ്പോള്‍ ഐ.പി വാര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ കോവിഡ് വാര്‍ഡിനായി സജ്ജീകരിച്ച നല്ലയിനം കട്ടിലുകള്‍ ഉപയോഗിച്ച് ഒരുക്കിയ ഐ.പി വാര്‍ഡ് ഉണ്ടെങ്കിലും കിടത്തി ചികിത്സ കാര്യക്ഷമമല്ല. ആശുപത്രി വളപ്പില്‍ വെള്ളം ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ കുടിവെള്ളമെത്തിക്കാൻ ശ്രമം നടന്നുവരുന്നു. 2014 മാര്‍ച്ചിലെ ബജറ്റ് മറുപടി പ്രസംഗത്തിലാണ് മന്ത്രി കെ.എം. മാണി മങ്കട ആശുപത്രിയെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചത്.
2014 സെപ്റ്റംബര്‍ 20ന് ആരോഗ്യമന്ത്രി ശിവകുമാർ താലൂക്ക് ആശുപത്രിയുടെ ഔദ്യോഗികമായ പ്രഖ്യാപനവും നടത്തി. താലൂക്ക് ആശുപത്രി സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രീഷ്യന്‍, സര്ജന്, അനസ്തേഷ്യ, ടി.ബി, ദന്തം, കാഷ്വാലിറ്റി തുടങ്ങിയ തസ്തികകളിലായി 15ഓളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവേണ്ടതുണ്ട്. സ്റ്റാഫുകളുടെയും ഡോക്ടര്‍മാരുടെയും എണ്ണത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണിപ്പോഴും ആശുപത്രിയിലുള്ളത്.
ഗൈനക്കോളജി ഡോക്ടര്‍ ഉണ്ടെങ്കിലും പ്രസവ വാര്‍ഡ്, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇല്ലാത്തതിനാൽ പ്രാഥമിക പരിശോധന മാത്രമേ നടക്കുകയുള്ളൂ. കൂടാതെ ജില്ലയില്‍ മറ്റെവിടെയെങ്കിലും ഗൈനക്കോളജിയുടെ കുറവ് വരുമ്പോള്‍ ഈ ഡോക്ടറെ അങ്ങോട്ട് വര്‍ക്ക് അറേഞ്ച് മെന്റില്‍ നിയമിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. 2018ല്‍ ബ്ലോക്ക് പ്രസിഡന്റ് ഇ. സഹീദ ഉദ്ഘാടനം ചെയ്ത് തുടങ്ങിവെച്ച സായാഹ്ന ഒ.പിയും പിന്നീട് തൃതല പഞ്ചായത്തുകളുടെ സഹകരണത്തോടെ തുടങ്ങിയ രാത്രികാല ഒ.പിയും ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജനപ്രതിനിധികളും നാട്ടുകാരും സര്‍ക്കാറും ഒന്നിച്ച് പരിശ്രമിച്ചാല്‍ മങ്കട ഗവ. ആശുപത്രിയെ മണ്ഡലത്തിലെ മികച്ച ആശുപത്രിയാക്കി മാറ്റാന്‍ സാധിക്കും എന്നത് തീര്‍ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.