മാനന്തവാടി -മട്ടന്നൂർ നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ ഇഴയുന്നു
text_fieldsകൊട്ടിയൂർ: മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം നാല് വരിപ്പാതയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഇഴഞ്ഞു നീങ്ങുന്നു. പ്രതിസന്ധിയിലായി വ്യാപാരികളും നാട്ടുകാരും.
ഏകദേശം ഒരു വർഷം മുമ്പാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. എന്നാൽ പിന്നീട് പല നടപടികളും ഇഴഞ്ഞു നീങ്ങുന്നതാണ് കണ്ടത്. ഇതിനിടയിലാണ് നാല് വരിപ്പാതക്കായി സ്ഥലം ഏറ്റെടുക്കേണ്ടവരുടെ സർവേ നമ്പറുകൾ രേഖപ്പെടുത്തിയതിൽ വ്യാപക പൊരുത്തക്കേടുണ്ടെന്ന് പരാതി ഉയർന്നത്.
കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ച റിപ്പോർട്ടിലാണ് തെറ്റുകളുള്ളത്. നാല് വരിപ്പാതക്കായി അമ്പായത്തോട് മുതൽ സ്ഥലം വിട്ടുനൽകുന്നവരുടെ സർവേ നമ്പറുകൾ തെറ്റിയാണ് കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. റവന്യൂ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് തെറ്റുകൾ കണ്ടെത്തിയത്.
തെറ്റുകൾ തിരുത്തി പുതിയ റിപ്പോർട്ട് കേരള റോഡ് ഫണ്ട് ബോർഡ് സമർപ്പിച്ചതിനു ശേഷമായിരിക്കും ഇനി സംയുക്ത പരിശോധന നടത്തുക. സ്ഥലം ഉടമകളുടെ സർവേ നമ്പറും പരിശോധിച്ചതിന് ശേഷമേ സ്ഥലം ഏറ്റെടുക്കൽ നടപടികളും തുടരനാകൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം സ്ഥലം വിട്ടുനൽകേണ്ടി വരുന്നവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥലം വിൽക്കാനോ പുതിയ വീട് വെക്കാനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു.
അമ്പായത്തോട് മുതൽ മട്ടന്നൂർവരെ നിരവധി കുടുംബങ്ങളാണ് പുനരധിവാസം കാത്ത് കഴിയുന്നത്. സ്ഥലം ഏറ്റെടുക്കാൻ കാലതാമസം നേരിടുന്നതിനാൽ ഇത്തരക്കാർ വലിയ പ്രതിസന്ധിയിലാണ്. വ്യാപാരികളും സമാന ആശങ്കയാണ് നേരിടുന്നത്.
എന്നാൽ, മാനന്തവാടി മട്ടന്നൂർ നാല് വരിപ്പാതയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനായി കേരള റോഡ് ഫണ്ട് ബോർഡ് സ്ഥാപിച്ച അതിർത്തിക്കല്ലുകൾ പലതും അപ്രത്യക്ഷമായിട്ടുണ്ട്.
കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിലാണ് അതിർത്തിക്കല്ലുകൾ പിഴുതുമാറ്റിയിരിക്കുന്നത്.
പുതിയ വ്യാപര സ്ഥാപനങ്ങളും പുതിയ വീടുകളടക്കം നിർമിക്കാൻ വേണ്ടി അതിർത്തിക്കല്ലുകൾ പിഴുത് മാറ്റിയ നിലയിലാണ്. അതിർത്തിക്കല്ലുകൾ പിഴുതുമാറ്റിയ സംഭവം കേരള റോഡ് ഫണ്ട് ബോർഡ് വളരെ ഗൗരവത്തിലാണ് കാണുന്നത്.
സർക്കാറിന്റെ ഭാഗത്തുനിന്ന് നാല് വരി പ്പാത സംബന്ധിച്ച് വേഗത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നും പുനരധിവാസ പാക്കേജ് ഏർപ്പെടുത്തണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.