മാനന്തവാടി കാട്ടാന ആക്രമണം ആരുടെ അനാസ്ഥ?; പഴിചാരി കേരള-കർണാടക വനം വകുപ്പുകൾ
text_fieldsമാനന്തവാടി പയ്യമ്പള്ളി സ്വദേശി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്പരം പഴിച്ചാരി കേരള-കർണാടക വനം വകുപ്പുകൾ. കാട്ടാനയുടെ ലൊക്കേഷൻ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിലാണ് അധികൃതരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പുറത്തുവന്നത്. കാട്ടാനയെ ട്രാക്ക് ചെയ്യാൻ ആന്‍റിനയും റിസീവറും കർണാടക വനം വകുപ്പ് കൈമാറിയില്ലെന്നാണ് കേരള വനം വകുപ്പ് കുറ്റപ്പെടുത്തുന്നത്.
പല തവണ കത്തയച്ചിട്ടും ആന്‍റിനയും റിസീവറും കൈമാറാൻ കർണാടക നടപടി സ്വീകരിച്ചില്ല. റേഡിയോ കോളർ സിഗ്നൽ നൽകാൻ തയാറായില്ല. റേഡിയോ കോളർ ഐ.ഡി ഉപയോഗിച്ചാണ് നിലവിലെ ട്രാക്കിങ്. ആനയുടെ ലൊക്കേഷൻ കിട്ടുന്നതിന് എട്ട് മണിക്കൂർ വരെ താമസമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാട്ടാനയെ ട്രാക്ക് ചെയ്യാൻ ആന്‍റിനയും റിസീവറും കൈമാറിയില്ലെന്ന കേരളത്തിന്‍റെ ആരോപണം തള്ളി കർണാടക വനം വകുപ്പ് രംഗത്തെത്തി. റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയും റിസീവറും ആവശ്യമില്ലെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) സുഭാഷ് കെ. മാൽഖഡെ ഐ.എഫ്.എസ് വ്യക്തമാക്കി.
കേന്ദ്രീകൃത ട്രാക്കിങ് സംവിധാനം നിലവിലുണ്ട്. റേഡിയോ കോളറിന്‍റെ പ്രവർത്തനം ഉപഗ്രഹം അടിസ്ഥാനമാക്കിയാണെന്നും ആർക്കും ട്രാക്ക് ചെയ്യാവുന്നതാണെന്നും പി.സി.സി.എഫ് ചൂണ്ടിക്കാട്ടി. മാനന്തവാടിയുള്ളത് ഏത് ആനയാണെന്ന് അറിയില്ല. ആനയെ കുറിച്ചുള്ള വിവരങ്ങൾ കേരള അധികൃതരിൽ നിന്ന് ശേഖരിച്ച് വരികയാണെന്നും അന്വേഷിച്ച് വിവരം നൽകാമെന്നും സുഭാഷ് കെ. മാൽഖഡെ അറിയിച്ചു.
അതേസമയം, കർണാടക സിഗ്നൽ വിവരങ്ങൾ പലപ്പോഴും കൈമാറുന്നില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. സിഗ്നൽ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മനഃപൂർവമുള്ള വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കർണാടക വനം വകുപ്പിന്‍റെ കോളർ ഘടിപ്പിച്ച കാട്ടാന കേരള അതിർത്തിയിലെ കാടുകളിൽ എത്തിയത് ജനുവരി അഞ്ചിനാണ്. റോഡിയോ കോളറിൽ നിന്നുള്ള സന്ദേശം പ്രകാരം ആനയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത് താന്നിക്കൽ മേഖലയിലാണ്. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി 54 ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.