ഇന്ന് മയക്കുവെടിയില്ല, ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ; നാല് കുങ്കിയാനകളെ എത്തിക്കും
text_fieldsകൽപറ്റ: വയനാട് മാനന്തവാടി പടമലയിൽ ഒരാളെ ചവിട്ടിക്കൊന്ന ആനയെ ഇന്ന് മയക്കുവെടി വെക്കില്ല. നേരം ഇരുട്ടിയതോടെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആനയെ വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആനയെ പിടികൂടാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ സ്ഥലത്ത് എത്തിക്കും. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് എത്തുക. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് നീക്കം.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. ആന ആക്രമിക്കാൻ വന്നതോടെ അജീഷ് മതില്‍ ചാടി വീട്ടുമുറ്റത്തെത്തിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന ആക്രമിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് നേരത്തെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിൽ വിട്ട ബേലൂര്‍ മഗ്ന എന്ന ആനയാണ് അജിയെ കൊലപ്പെടുത്തിയത്. നവംബര്‍ 30-ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നു പിടികൂടിയ ആനയാണിത്.
സംഭവത്തെ തുടർന്ന് നാട്ടുകാർ കനത്ത പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകാൻ തീരുമാനമായി. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും തീരുമാനമായി. ഇതോടെയാണ് മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.