മാനസ കൊലക്കേസ്: രഖിൽ തോക്ക് വാങ്ങിയത് കാട്ടുമൃഗങ്ങളെ വേട്ടയാടാനെന്ന് ധരിപ്പിച്ച്
text_fieldsകോതമംഗലം: രഖിൽ തോക്ക് വാങ്ങിയത് കാട്ടുമൃഗങ്ങളെ വേട്ടായാടാനെന്ന് ധരിപ്പിച്ചാണെന്ന് നെല്ലിക്കുഴി ഡെൻറൽ കോളജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന കേസിൽ പിടിയിലായ പ്രതികളുടെ മൊഴി. ബിഹാറിൽനിന്ന് പിടിയിലായ സോനുകുമാറും മനീഷ്കുമാറും പൊലീസിന് നൽകിയ മൊഴിയിലാണ് ഈ വിവരങ്ങൾ. കണ്ണൂരിലെ കൃഷിയിടത്തിൽ പന്നി ഉൾപ്പെടെ കാട്ടുമൃഗങ്ങളുടെ ശല്യമാണെന്നും ഇവയെ നേരിടാൻ തോക്ക് ആവശ്യമുണ്ടെന്നും പറഞ്ഞാണ് രഖിൽ ഇവരെ സമീപിച്ചത്. കൂടുതൽ നിറയൊഴിക്കാവുന്നതും പ്രഹരശേഷി കൂടിയതുമായ തോക്ക് നൽകിയതിന് പിന്നിൽ മൃഗവേട്ടക്കാണെന്ന വിശ്വാസത്തിലാണ്. 13 റൗണ്ട് നിറയൊഴിക്കാവുന്ന തോക്കാണ് വാങ്ങിയത്.
തിങ്കളാഴ്ച വൈദ്യപരിശോധനക്കും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം വൈകീട്ട് ആറോടെയാണ് പ്രതികളെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്. കേരളത്തിലെ ആരെല്ലാമായും ബന്ധങ്ങളുണ്ടെന്നും മറ്റാർക്കെങ്കിലും തോക്കുകൾ കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനുപുറമെ, മറ്റ് വിവിധ അന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തേക്കുമെന്ന് അറിയുന്നു.
പ്രതികളുടെ ഫോണില്‍നിന്ന് ലഭിച്ച ചിത്രം കേന്ദ്രീകരിച്ചും അന്വേഷണം
കോതമംഗലം നെല്ലിക്കുഴിയിലെ ബി.ഡി.എസ് വിദ്യാര്‍ഥിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ തെളിവെടുപ്പിനുശേഷം റിമാൻഡ് ചെയ്തു. രഖിലിന് തോക്ക് കൈമാറിയ കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിഹാര്‍ സ്വദേശികളായ സോനുകുമാര്‍ (24), മനീഷ്കുമാര്‍ വര്‍മ (24) എന്നിവരെയാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ചോദ്യം ചെയ്തശേഷം ഉച്ചക്ക് ശേഷം കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ചൊവ്വാഴ്ച നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
മുദ്രയില്ലാത്ത തോക്ക് കൈവശം വെച്ചു, ലൈസന്‍സില്ലാതെ തോക്ക് വില്പന നടത്തി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിഹാറില്‍നിന്ന് പിടികൂടിയ പ്രതികളെ ഞായറാഴ്ച വൈകീട്ടാണ് വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചത്. പ്രതികളുടെ ഫോണില്‍നിന്ന് ലഭിച്ച ചിത്രം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
രഖിലും നിലവില്‍ അറസ്റ്റിലായിരിക്കുന്ന സോനുകുമാറും മനീഷ്കുമാര്‍ വര്‍മയും മറ്റ് രണ്ടുപേരും കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് കണ്ടെത്തിയത്. ബിഹാറില്‍വെച്ച് തോക്ക് വാങ്ങാന്‍ പോയപ്പോള്‍ എടുത്തതാണ് ചിത്രമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളോടൊപ്പം കൂടെയുള്ളവര്‍ക്ക് കേസിലുള്ള പങ്കാണ് പൊലീസ് നിലവില്‍ അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കേസില്‍ പങ്കുള്ളതായി തെളിഞ്ഞാല്‍ ഇവരെയും അറസ്റ്റ് ചെയ്യും. ഇതിന് മുന്നോടിയായി രഖിലിെൻറ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലായ പ്രതികളുടെ ഫോണ്‍ രേഖകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.