മാനസ വധം: രഖിലിന് തോക്ക് നൽകിയയാൾ ബിഹാറിൽ പിടിയിൽ, പൊലീസ് വെടിയുതിർത്തു
text_fieldsകോതമംഗലം: നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാർ മോദിയെ (21) ആണ് കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിൽ ബിഹാറിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുന്നതിനിടെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്.
ഇയാളെ പിടികൂടുമ്പോൾ സോനുവിന്‍റെ സംഘം എതിർക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ രക്ഷപ്പെട്ടു.
ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്.ഐ മാഹിനിന്‍റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറൻറ് ലഭിക്കുകയും ചെയ്തു.
കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയുമായ മാനസയെ (24) സുഹൃത്ത് രഖിൽ തലയിലും നെഞ്ചിലും വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം രഖിൽ സ്വയം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കി.
മാനസയെ കൊല്ലാനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. തുടർന്ന്, മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറി. ഈ സമയം മാനസ കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരിക്കാനായി മാനസ മുറിയിലേക്ക് പോയി. മുറിയിൽ കയറിയ ഉടൻ രഖിൽ വാതിൽ കുറ്റിയിട്ടു. പിന്നീട് തുടരെയുള്ള വെടിയൊച്ചകളാണ് കൂട്ടുകാരികൾ കേട്ടത്.
മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രഖിൽ സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വെടിവെക്കാനുള്ള പരിശീലനവും അവിടെനിന്നു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും ലഭിച്ചതോടെയാണ് പൊലീസ് ബിഹാറിലേക്ക് പോയത്.
രഖിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബിഹാറിലെ ഉൾഗ്രാമങ്ങളിൽ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.