മാനസ വധം: ബിഹാറിൽനിന്നുള്ള നിർണായക തെളിവുകൾ പുറത്ത്, പ്രതികളെ കേരളത്തിലെത്തിച്ചു
text_fieldsകൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്‍റൽ വിദ്യാർഥിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ പുറത്ത്. മാനസയെ വെടിവെക്കുകയും തുടർന്ന് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്ത രഖിൽ ബിഹാറിൽ തോക്ക് വാങ്ങാൻ ഇടനിലക്കാരനായ മനേഷ് കുമാറിന്‍റെ കാറിൽ യാത്ര ചെയ്യുന്നതും തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്നതുമാണ് പുറത്തുവന്നത്.
മനേഷ് കുമാറിന്‍റെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു. തോക്ക് ഉപയോഗിക്കാൻ രഖിലിന് ബിഹാറിൽനിന്ന് തന്നെ പരിശീലനം ലഭിച്ചതായി പൊലീസിന് മുമ്പുതന്നെ സംശയമുണ്ടായിരുന്നു. രഖിൽ ബിഹാറിലെത്തിയാണ് തോക്ക് വാങ്ങിയതെന്നതും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നതും ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ് പൊലീസ്.
രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ്കുമാർ എന്നിവരെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. സോനു കുമാറിനെ പരിചയപ്പെടുത്തിയത് ടാക്സി ഡ്രൈവറായ മനേഷ് കുമാർ വർമയാണ്. ഇയാളെ പട്നയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബിഹാർ പൊലീസിന്‍റെ സഹായത്തോടെ രണ്ടു ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരെ ഞായറാഴ്ച വൈകീട്ടോടെ കേരളത്തിൽ എത്തിച്ചു.
രഖിൽ 35,000 രൂപയാണ് തോക്കിന് നൽകിയതെന്നും തുക പണമായി നേരിട്ടു കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബിഹാർ പൊലീസുമായി എറണാകുളം റൂറൽ എസ്.പി ചർച്ച നടത്തി തയാറാക്കിയ പദ്ധതിയിലൂടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തോടെ ബിഹാറിലെ അനധികൃത തോക്ക് വിൽപനയെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യൻ നിർമിത തോക്കുകൾക്ക് പുറമെ വിദേശ നിർമിത തോക്കുകളും ഇവിടെ സംഘങ്ങൾ വിൽക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.