മഞ്ചക്കണ്ടി മാവോവാദി ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന് സുരക്ഷ ശക്തമാക്കി
text_fieldsഎടക്കര: പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുത്തിയതിെൻറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മലയോര മേഖലയില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബർ 28നാണ് മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നീ മാവോവാദി പ്രവർത്തകർ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട ദീപക്, ശോഭ എന്നിവരെ തമിഴ്നാട് പൊലീസ് പിന്നീട് പിടികൂടിയിരുന്നു.
ഏറ്റുമുട്ടൽ കൊലയുടെ ഒന്നാം വാര്‍ഷികത്തില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് മലയോര മേഖലയിലുടനീളം സുരക്ഷ ശക്തമാക്കിയത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ സംഘം എടക്കരയിലെത്തിയത്.
ബുധനാഴ്ച രാത്രി വഴിക്കടവ് നാടുകാണി ചുരത്തിലൂടെയുള്ള വാഹനങ്ങളിലും ആനമറിയിലെ ചെക്ക്പോസ്റ്റുകളിലും വിവിധ വകുപ്പ് ഓഫിസുകളിലും പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ എടക്കര, വഴിക്കടവ്, പോത്തുകല്‍ പൊലീസ് സ്റ്റേഷനുകളിലും ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകളും അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി.
നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാണിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആദ്യം പാലക്കാട് സെഷൻസ് കോടതിയിലും തുടർന്ന് ഹൈകോടതിയിലും ഹരജി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം സെഷൻസ് കോടതി മേൽനോട്ടത്തിൽ വേണമെന്ന് കോടതി ഉത്തരവിട്ടു. 2019 നവംബർ ആറിനാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ, ജില്ല കലക്ടറെ ചുമതലപ്പെടുത്തിയത്. വെടിവെപ്പ് നടന്ന് ഒരു വർഷമാകാറായിട്ടും മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ബാലിസ്റ്റിക് അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്.
ചൂഷണരഹിത സമൂഹത്തിന് സായുധപോരാട്ടത്തിെൻറ വഴി തെരഞ്ഞെടുത്ത മാവോ വാദികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മഞ്ചക്കണ്ടിയിലേത്. നിലമ്പൂരിനും വയനാടിനും ശേഷം കനത്ത ആൾനാശമാണ് തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മഞ്ചക്കണ്ടി വനത്തിൽ മാവോവാദികൾക്കുണ്ടായത്. സി.പി.െഎ (മാവോയിസ്റ്റ്) സംഘം പശ്ചിമഘട്ട കാടുകളിൽ വേരുപിടിക്കുകയും ദളങ്ങളായി രൂപപ്പെടുകയും ചെയ്തതോടെ തമിഴ്നാട്ടിലും കേരള ത്തിലും പൊലീസും ഇൻറലിജൻസ് സംവിധാനങ്ങളും കനത്ത ജാഗ്രതയിലായിരുന്നു.
അട്ടപ്പാടിയിലെ മാേവാവാദികൾ ഭവാനി ദളമെന്നും വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്നവർ കബനി ദളമെന്നും നിലമ്പൂർ വനത്തിലുള്ളവർ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്. പുറമേ കർണാടകയിലും തമിഴ്നാട്ടിലും വേറെയും ഒാരോ ദളങ്ങളുണ്ട്. 2014 മുതൽ ഭവാനി ദളത്തിന് കീഴിൽ അട്ടപ്പാടി വനത്തിൽ നിലയുറപ്പിച്ച മാവോവാദികൾ ശിരുവാണി മേഖലയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു. അട്ടപ്പാടിയിൽ ആകെയുള്ള 192 ആദിവാസി ഉൗരുകളിൽ കേവലം 19 ഉൗരുകൾ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഭവാനിദളത്തിെൻറ പ്രവർത്തനം. വനിതകളടക്കമുള്ള ഭവാനി ദളക്കാർ ആദിവാസികളുമായി നിരന്തരസമ്പർക്കം പുലർത്തിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.