മഞ്ചേരി മെഡിക്കൽ കോളജിലെ ചോർച്ച പരിഹരിച്ചു; പ്രശ്ന പരിഹാരമായി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ അടച്ചിട്ട അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ നിരീക്ഷണ മുറി തുറന്നു. മേൽക്കൂരയിലെ ചോർച്ച കാരണം രണ്ടാഴ്ചയായി മുറി അടച്ചിട്ട നിലയിലായിരുന്നു.
ചോർച്ച പരിഹരിച്ചതിന് ശേഷമാണ് വെള്ളിയാഴ്ച തുറന്നു നൽകിയത്. ആശുപത്രി വികസന ഫണ്ടിൽനിന്ന് 94,000 രൂപ ചെലവഴിച്ചാണ് നവീകരണം.
മുകൾ നിലയിലെ പൈപ്പ് പൊട്ടി മലിനജലം ഒഴുകി സീലിങ് അടർന്നു വീഴുകയും ദുർഗന്ധം വമിക്കുന്ന വെള്ളം അത്യാഹിത വിഭാഗത്തിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തതോടെയാണ് നിരീക്ഷണ മുറി അടച്ചത്. ഇതോടെ പുരുഷന്മാരും കുട്ടികളുമെല്ലാം സ്ത്രീകളുടെ ഭാഗത്താണ് ചികിത്സ തേടിയത്. 1.78 കോടി രൂപ ചെലവഴിച്ച് എട്ടുമാസം മുമ്പാണ് അത്യാഹിത വിഭാഗം നവീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 29ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
എന്നാൽ മുകളിലെ പൈപ്പ് ലൈൻ മാറ്റാതെ സീലിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയതാണ് പ്രശ്നത്തിന് കാരണമായത്. നിരീക്ഷണ മുറി അടച്ചത് പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി. ഒരു കോടിയോളം രൂപ ചെലഴിച്ച് നവീകരിച്ച് മാസങ്ങൾക്ക് ശേഷം തന്നെ അടച്ചിടേണ്ടി വന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ആശുപത്രി വികസന സമിതി യോഗത്തിൽ പ്രിൻസിപ്പലും ജനപ്രതിനിധികളും അടക്കം വിഷയം ഉന്നയിച്ചതോടെയാണ് നവീകരണം വേഗത്തിലാക്കിയത്. മെഡിക്കൽ കോളജ് നിലവാരത്തിലുള്ള അത്യാഹിത വിഭാഗം ഇപ്പോഴും ആശുപത്രിക്ക് ഇല്ല. ചെറിയ മുറിയിലാണ് അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം. വലിയ ദുരന്തം ഉണ്ടായി രോഗികളെ എത്തിച്ചാൽ നിന്ന് തിരിയാൻ പോലും സ്ഥലം ഇല്ലാത്ത സ്ഥിതിയാണ്. ചെട്ടിയങ്ങാടിയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 15 തസ്തികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.