എയ്ഡഡ് പദവിക്ക് തന്ത്രമൊരുക്കി മാനേജ്മെന്‍റ്
text_fieldsതിരുവനന്തപുരം: പദവി നിര്‍ണയിക്കുംമുമ്പ് ലോ അക്കാദമി ലോ കോളജ് വിഷയത്തിലെ കേരള സര്‍വകലാശാലയുടെ ഇടപെടല്‍ മാനേജ്മെന്‍റിനെ സഹായിക്കാനാണെന്ന് ആക്ഷേപം. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ ഒത്തുകളിക്കുന്നെന്നും ആരോപണമുണ്ട്.
കേരളത്തിലെ കോളജുകള്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് (സ്വാശ്രയം) എന്നിവയില്‍ ഏതെങ്കിലും ഒരുവിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍, മറ്റൊരു സര്‍വകലാശാലയിലും ഇല്ലാത്ത ‘സ്വകാര്യം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ലോ അക്കാദിക്ക് കേരള സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയത്. സ്വാശ്രയ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമായശേഷവും ‘സ്വകാര്യം’ എന്ന വിഭാഗത്തില്‍തന്നെ ലോ അക്കാദമി തുടരുകയാണ്. അതേസമയം, അക്കാദമിയുടെ പ്രവര്‍ത്തനം സ്വാശ്രയ സ്ഥാപനങ്ങളെപ്പോലെയാണ്. സ്വാശ്രയ സ്ഥാപനമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ ഇവിടെ പഞ്ചവത്സര എല്‍എല്‍.ബി പ്രവേശനത്തിന് അലോട്ട്മെന്‍റ് നടത്തുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനവര്‍ഷം ലോ അക്കാദമിയെ എയ്ഡഡ് പദവിയിലാക്കാന്‍ മാനേജ്മെന്‍റ് ശ്രമിച്ചിരുന്നു. ഇക്കാര്യം പുറത്തുവന്നതിന് പിന്നാലെ മറ്റ് സ്വാശ്രയ ലോ കോളജ് മാനേജ്മെന്‍റുകളും സമാന ആവശ്യവുമായി രംഗത്തുവന്നതോടെ പാതിവഴിയില്‍ ശ്രമം അവസാനിപ്പിച്ചു. ഇപ്പോള്‍ വിദ്യാര്‍ഥിസമരം കാരണം ലോ അക്കാദമി മാനേജ്മെന്‍റിന് പ്രിന്‍സിപ്പലിനെ മാറ്റേണ്ടിവന്നു. ഈ അവസരം മുതലെടുത്ത് സ്ഥാപനം എയ്ഡഡ് പദവിയിലത്തെിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. ഇക്കാര്യത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ സി.പി.എം, കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് തങ്ങളുടെ നീക്കത്തിന് സഹായകമാകുമെന്നും അവര്‍ കരുതുന്നു.
അക്കാദമി പ്രിന്‍സിപ്പലിനെ നീക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ച മാനേജ്മെന്‍റ് അക്കാര്യം സര്‍വകലാശാലയെ അറിയിക്കുകയും കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ച് അറിയിക്കാനും സിന്‍ഡിക്കേറ്റ് യോഗം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പുതിയ പ്രിന്‍സിപ്പലിനെ തേടി മാനേജ്മെന്‍റ് പരസ്യം നല്‍കി. സിന്‍ഡിക്കേറ്റ് യോഗത്തില്‍ സി.പി.എം അംഗങ്ങളാണ് ഈ നീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തത്.
പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ച് സിന്‍ഡിക്കേറ്റിന്‍െറ അംഗീകാരം നേടുകയെന്ന തന്ത്രമാണ് മാനേജ്മെന്‍റ് മെനയുന്നത്.
സ്വാശ്രയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ പ്രിന്‍സിപ്പല്‍ നിയമനം സിന്‍ഡിക്കേറ്റ് അംഗീകരിക്കേണ്ടതില്ല. ലോ അക്കാദമിയുടെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ സ്ഥാപനത്തെ എയ്ഡഡ് പദവിലത്തെിക്കാനുള്ള നീക്കത്തിന് അത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.