‘‘അതിക്രമങ്ങളിൽ മലപ്പുറം ജില്ല കുപ്രസിദ്ധം’’; നുണപ്രചാരണവുമായി മനേക ഗാന്ധി
text_fieldsകോഴിക്കോട്: പാലക്കാട് ജില്ലയിൽ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ നുണപ്രചാരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. ‘‘മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ.
നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ഭയമാണ്.
സംസ്ഥാനത്ത് ദിനംപ്രതി മൂന്ന് ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഏകദേശം അറുനൂറോളം ആനകൾ സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് ആന ചരിഞ്ഞ സംഭവം. എന്തുകൊണ്ട് അദ്ദേഹം വിഷയത്തിൽ ഇടപെട്ടില്ല’’ -മനേക ഗാന്ധി പറഞ്ഞു.
മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലൻറ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന ചരിഞ്ഞത്. സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു.
സ്ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ് ആന കടിച്ചത്. കൃഷിയിടത്തിൽ കയറുന്ന പന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന പടക്കമാണ് ഇതെന്ന നിഗമനത്തിലാണ് അധികൃതർ. ഇത് തയാറാക്കിയവരെ കുറിച്ച് വനം അധികൃതർക്ക് വിവരം ലഭിച്ചതായാണ് സൂചന.
മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ കണ്ടെത്തുമ്പോൾ വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസ്സിലായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.