യാത്രാദുരിതത്തിന് അറുതി; മംഗളൂരു എക്സ്പ്രസ് ഇന്നുമുതൽ തമ്പാനൂരിൽനിന്ന്
text_fieldsതിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് അറുതിയാവുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ മാസങ്ങളായി കൊച്ചുവേളിയിൽനിന്ന് ആരംഭിച്ചിരുന്ന മംഗളൂരു എക്സ്പ്രസ് (16347) ഞായറാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും. നേരത്തേ തമ്പാനൂരിൽനിന്ന് രാത്രി 8.30ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി പത്ത് മിനിറ്റ് വൈകി 8.40നാണ് യാത്രയാരംഭിക്കുക.
വടക്കാഞ്ചേരി വരെയുള്ള സ്റ്റേഷനുകളിൽ സമയപ്പട്ടികയിൽ നേരത്തേയുള്ളതിനെക്കാൾ പത്ത് മിനിറ്റ് വൈകിയാകും ട്രെയിനെത്തുക. ഷൊർണൂർ മുതൽ മംഗളൂരു വരെ പഴയ സമയപ്പട്ടിക പ്രകാരമാണ് സർവിസ്. അതേസമയം, മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിെൻറ (16348) സമയപ്പട്ടികയിൽ മാറ്റമില്ല. കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചിരുന്നു ഇൗ ട്രെയിൻ ഞായറാഴ്ച മുതൽ തിരുവനന്തപുരം വരെയുണ്ടാകും.
അറ്റകുറ്റപ്പണിയുടെ പേരിൽ ജനുവരി ആറ് മുതലാണ് ട്രെയിൻ കൊച്ചുവേളിയിലേക്ക് മാറ്റിയത്. കൊച്ചുവേളി സ്റ്റേഷനിൽനിന്നുള്ള തുടർയാത്ര തിരുവനന്തപുരത്തുനിന്ന് രാത്രി ഏഴിന് മലബാർ എക്സ്പ്രസ് പുറപ്പെട്ടാൽ രാത്രി 10 വരെ എറണാകുളം ഭാഗത്തേക്ക് ട്രെയിനില്ലാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിനിടയായിരുന്നു. തുടർന്ന്, തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് പുറപ്പെട്ടിരുന്ന അമൃത എക്സ്പ്രസിെൻറ സമയം ഒരു മണിക്കൂർ നേരത്തേയാക്കി പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും യാത്രാദുരിതം അവസാനിച്ചിരുന്നില്ല. ഒന്നിച്ച് പുറപ്പെട്ടിരുന്ന അമൃതയും രാജ്യറാണിയും രണ്ട് സ്വതന്ത്ര ട്രെയിനുകളായതോടെയാണ് അൽപം ആശ്വാസമായത്. ഇതിന് പിന്നാലെയാണ് മംഗളൂരു എക്സ്പ്രസിെൻറ പുതിയ സമയക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.