ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: ഒന്നാം വർഷ വിദ്യാർഥികളെ റാഗ്ചെയ്ത കേസിൽ മംഗളൂരുവിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. മംഗളൂരു കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ നഴ്സിങ്, ഫിസിയോതെറപ്പി വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒന്നാംവർഷ വിദ്യാർഥികളായ അഞ്ചുപേരെ സീനിയർ വിദ്യാർഥികളായ 11 പേർ നിർബന്ധിച്ച് മീശയും താടിയും വടിപ്പിച്ചുവെന്നും മുടിവെട്ടിപ്പിച്ചുവെന്നും മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
ഇതിനുപുറമെ തീപ്പെട്ടിക്കൊള്ളി എണ്ണാനും തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ഹോസ്റ്റൽ മുറിയുടെ അളവെടുക്കാനും നിർബന്ധിച്ചു. അനുസരിക്കാത്തവരെ മർദിച്ചശേഷം മുറിയിൽ പൂട്ടിയിട്ടതായും പരാതിയുണ്ട്.
ഉള്ളാലിലെ ദേരലാംകട്ടയിലെ ഹോസ്റ്റലിലാണ് റാഗിങ് നടന്നത്. റാഗിങ്ങിന് ഇരയായ വിദ്യാർഥികൾ കോളജ് മാനേജ്മെൻറിന് പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് 18 പേരെ േചാദ്യം ചെയ്യുകയും സംഭവത്തിൽ പങ്കാളികളായ 11 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും കമീഷണർ എൻ. ശശികുമാർ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷാമോസ് (19), അസിൻ ബാബു (19), കാസർകോട് സ്വദേശികളായ അബ്ദുൽ അന്നാസ് (21), ജയ്ഫിൻ റോയ്ചന (19), കോട്ടയം സ്വദേശികളായ കെ.എസ്. അക്ഷയ് (19), റോബിൻ ബിജു (20), ആൽവിൻ ജോയ് (19), ജെറോം സിറിൽ (19), പത്തനംതിട്ട സ്വദേശി സൂരജ് (19), മലപ്പുറം സ്വദേശികളായ സുബിൻ മെഹറൂബ് (21), അബ്ദുൾ ബാസിത് (19) എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെ ദക്ഷിണ കന്നട ജില്ലയിലെ ഫാർമസി കോളജിൽ ഒന്നാംവർഷ വിദ്യാർഥികളെ ആക്രമിച്ച കേസിൽ ഒമ്പത് സീനിയർ വിദ്യാർഥികൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.