കൊട്ടിക്കലാശമില്ല; ആ പണം ജനോപകാരത്തിനെന്ന് മാണി സി കാപ്പൻ
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപനമായ കൊട്ടിക്കലാശം നടത്തില്ലെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ. അതിന് ചിലവാകുന്ന തുക ജനോപകാരപ്രദമായ കാര്യങ്ങൾ ചിലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ആർഭാട രഹിതമായി കൊട്ടിക്കലാശം നടത്തണമെന്ന ആഹ്വാനം പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും അദ്ദേഹം അഭ്യർഥിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. യു.ഡി.എഫിലിരിക്കെ ദീർഘകാലം പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ മകൻ ജോസ് കെ. മാണിയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നത്.
മാണി സി കാപ്പന്‍റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയ പാലാക്കാരെ
ഏതൊരു തെരഞ്ഞെടുപ്പിൻ്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയിൽ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കുക എന്നതിലുപരി ഓരോ സ്ഥാനാർത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം.
പതിവിനു വിപരീതമായി ഇത്തവണ എൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം.
ഈ തീരുമാനം നമ്മുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.