മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാൻ ഒടുവിൽ ഗവർണറുടെ അനുമതി
text_fieldsതിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാൻ ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ഈ വിഷയത്തിൽ ഗവർണർ ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ വിശദീകരണം നൽകിയത് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി തമ്പിയും രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
2000 ഒക്ടോബർ 21 ന് കൊല്ലം കല്ലുവാതുക്കലില്‍ ഉണ്ടായ മദ്യദുരന്തത്തില്‍ 32 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തതാണ് കേസിനാധാരം.
മണിച്ചന്‍റെ വീട്ടിലും ഭൂഗർഭ അറകളിലുമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തു. ഇതു കഴിച്ച് ആളുകൾ മരിച്ചതായിരുന്നു കേസ്. 26 പേരെ ശിക്ഷിച്ചു. പ്രതികളും മണിച്ചന്‍റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു. മറ്റൊരു പ്രതിയായ താത്തയെന്ന ഖൈറുന്നിസ 2009ൽ ജയിൽ ശിക്ഷാകാലയളവിൽ മരിച്ചു. മണിച്ചൻ 22 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നു. ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്.
ഇയാളുടെ മോചനം സംബന്ധിച്ച ഹരജിയിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഗവർണർ ഉത്തരവിൽ ഒപ്പിട്ടെങ്കിലും, 30 ലക്ഷത്തിലധികം രൂപ കെട്ടിവെച്ചാൽ മാത്രമേ ജയിൽ മോചനം സാധ്യമാകൂയെന്നും ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് 20 വർഷത്തിലധികം തടവ് ശിക്ഷ പൂർത്തിയാക്കിയ മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാനുള്ള ശിപാർശ സർക്കാർ ഗവർണർക്ക് സമർപ്പിച്ചത്. എന്നാൽ, ദിവസങ്ങൾക്കു ശേഷം കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ശിപാർശ ഗവർണർ സർക്കാറിലേക്ക് മടക്കി അയച്ചിരുന്നു.
മുൻ ജഡ്ജി അധ്യക്ഷനായ ജയിൽ ഉപദേശക സമിതി നിലവിലിരിക്കെ അതു മറികടന്ന് ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മണിച്ചൻ അടക്കമുള്ളവരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. അതിനു പുറമെ, ആദ്യം നിശ്ചയിച്ച 67 പേരുടെ പട്ടിക 33 ആയി കുറഞ്ഞു. ഈ വിഷയത്തിലുമാണ് ഗവർണർ വിശദീകരണം തേടിയതും ശിപാർശ തിരിച്ചയച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.